ആപ്പുകൾ വഴി പണം വായ്പയെടുത്ത് തട്ടിപ്പിൽപെടുന്നവരുടെ വാർത്തകൾ നിരവധിയാണ്. പലർക്കും ലോണെടുത്തതിന്‍റെ പലമടങ്ങ് തുക അടക്കേണ്ടി വരുമ്പോൾ, മറ്റ് ചിലർ ഭീഷണിക്ക് മുമ്പിൽ ജീവൻ തന്നെ അവസാനിപ്പിച്ച സംഭവങ്ങളും നമുക്ക് മുമ്പിലുണ്ട്. ലോൺ ആപ്പുകളെ ശ്രദ്ധിച്ചില്ലെങ്കിൽ കൈയിൽ ഉള്ള പണവും പോകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്.
ചെറിയ ബാധ്യതകൾ തീർക്കാനോ, രേഖകൾ ഒന്നുമില്ലാതെ തന്നെ ലോൺ നൽകാമെന്ന പ്രലോഭനങ്ങളിൽ പെട്ടോ പലരും ഇന്ന് മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകളിൽ വീഴാറുണ്ട്. എന്നാൽ തുടർന്ന് ധനനഷ്ടവും മാനഹാനിയുമൊക്കെയാകും നമുക്ക് നേരിടേണ്ടി വരിക. അനായാസം നല്‍കാന്‍ കഴിയുന്ന കെ.വൈ.സി രേഖകള്‍ മാത്രം സ്വീകരിച്ച് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയാണ് മൊബൈല്‍ ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉള്‍പ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകള്‍ നേടും. അത്യാവശ്യക്കാര്‍ വായ്പ ലഭിക്കാനായി അവര്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കി പണം കൈപ്പറ്റും.
3000 രൂപ വായ്പയായി എടുത്താല്‍ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടില്‍ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവന്‍ തുകയും തിരികെ അടയ്ക്കാന്‍ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടന്‍ ഉപഭോക്താവിന്‍റെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും സമ്മര്‍ദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാള്‍ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ദയവായി ശ്രദ്ധിക്കണേ !!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.