തിരുവനന്തപുരം: കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും വില കുറച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. പ്രത്യേക നികുതിയിളവ് സംസ്ഥാനത്തുണ്ടാവില്ല. കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഡീസലിന് രണ്ട് രൂപ 30 പൈസയോളവും പെട്രോളിന് ഒരു രൂപ 60 പൈസയോളവും സംസ്ഥാനം കുറച്ചിട്ടുണ്ട്. ഈ കുറവോടെയാണ് ഇന്ന് സംസ്ഥാനത്ത് പുതിയ വില നിലവിൽ വന്നതെന്നും മന്ത്രി പറഞ്ഞു.
പെട്രോളിനും ഡീസലിനും ഏതാനും മാസങ്ങളായി 30 രൂപയോളമാണ് വർധിപ്പിച്ചത്. സംസ്ഥാനങ്ങൾക്ക് വിഹിതം കൊടുക്കേണ്ടതില്ലാത്ത പ്രത്യേക രീതിയിലാണ് വില വർധിപ്പിച്ചത്. അതിൽ നിന്നാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്. പോക്കറ്റടിക്കാരന്‍റെ ന്യായം പോലെയാണിതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. പോക്കറ്റിൽ നിന്ന് പണമെല്ലാം എടുത്ത ശേഷം വണ്ടിക്കൂലിക്ക് ഇതിരിക്കട്ടെ എന്ന് പറയുന്നപോലെയാണിത്.
ഈ വർഷം മാത്രം കഴിഞ്ഞ വർഷം കിട്ടിയിരുന്നതിനേക്കാൾ 6400 കോടി രൂപയാണ് സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയിനത്തിൽ കുറവു വന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും ആകെ നികുതി സംസ്ഥാനത്തിന് ലഭിക്കുന്നത് എണ്ണായിരം കോടിയോളം മാത്രമാണ്. കേരളത്തിന്‍റെ മാത്രം പ്രശ്നമല്ലിത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രശ്നമാണ്.
ആനുപാതികമായ വിലക്കുറവാണ് സംസ്ഥാനം ഇപ്പോൾ വരുത്തിയത്. ഇത് വലിയ കുറവല്ലല്ലോയെന്ന് അഭിപ്രായമുണ്ടാകും. എന്നാൽ, ആറ് വർഷമായി പെട്രോൾ-ഡീസൽ നികുതി സംസ്ഥാനത്ത് വർധിപ്പിച്ചിട്ടില്ല. ഒരു പ്രാവശ്യം കുറച്ചിട്ടുമുണ്ട് -ധനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.