കെ. അജ്​മി, അറബിക്​ പദ്യംചൊല്ലൽ എച്ച്​.എസ് വിഭാഗം തഴവ ഗേൾസ്​, കൊല്ലം 

ഉറച്ച നിലപാട്, വ്യക്തതയോടെ ചോദ്യം... ‘‘ഗസ്സയിലെ നൊമ്പരം ലോകം കാണുന്നില്ലേ’’

കൊല്ലം: വ്യക്തതയുള്ള നിലപാട് ഉറക്കെ പ്രഖ്യാപിച്ച്, അധിനിവേശത്തിനും അതിക്രമങ്ങൾക്കുമെതിരായ ശബ്ദമായി അറബിക് പദ്യം ചൊല്ലൽ വേദി. എച്ച്.എസ് വിഭാഗം പെൺകുട്ടികളുടെ പദ്യം ചൊല്ലലിൽ പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം ചോരയിൽ നീറുന്ന ഫലസ്തീനും ഗസ്സയുമാണ് പ്രധാന വിഷയമായത്. കേരളത്തിലും രാജ്യത്തിന്റെ വിവിധ കോണുകളിലുമുള്ള സമൂഹത്തിലെ ജീർണതകളും അരികുവത്കരണവുമൊക്കെ പെൺകുട്ടികൾ പദ്യത്തിലൂടെ അവതരിപ്പിച്ചത് ചോദ്യം ചെയ്യാനുറച്ച വരുംതലമുറയുടെ ഉറച്ച തീരുമാനങ്ങളായി.

ഉത്തർപ്രദേശിൽ അധ്യാപിക സഹപാഠികളെകൊണ്ട് കുട്ടിയുടെ മുഖത്തടിപ്പിച്ച സംഭവമാണ് മലപ്പുറം കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ എം. ദിൽന അവതരിപ്പിച്ചത്. അത് കുട്ടിയുടെയും രാജ്യത്തിന്റെയും അഭിമാനത്തിനും മതനിരപക്ഷതക്കുമേറ്റ അടിയാണെന്ന് കൃത്യമായി അടയാളപ്പെടുത്തുകയാണ് വിദ്യാർഥിനി. നടുവട്ടം ജനത എച്ച്.എസ്.എസ് അധ്യാപകൻ അഷ്റഫ് കുലുക്കല്ലൂർ രചിച്ചതാണ് പദ്യം. കോഴിക്കോട് ക്രസന്റ് എച്ച്.എസ്.എസിലെ ഫാത്തിമ ഹന്ന ഫലസ്തീനിലെ കുട്ടികൾ കൊല്ലപ്പെടുന്നതും യുദ്ധത്തിന്റെ ക്രൂരതയും വിശദീകരിച്ചപ്പോൾ തഴവ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ കെ. അജ്മി ഫലസ്തീൻ ജനത മരിച്ചുവീഴുന്നത് യു.എൻ കാണുന്നില്ലേയെന്ന ചോദ്യമുയർത്തി. കട്ടച്ചിറ ജോൺ എഫ്.കെന്നഡി സ്കൂളിലെ അഫ്രിൻ ഹാരിസും മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസിലെ കെ. ലിയ ഫാത്തിമയുമടക്കം നിരവധി വിദ്യാർഥികൾ ഫലസ്തീനിന്റെ കണ്ണീർ തന്നെ പ്രമേയമാക്കി.

ഇന്ത്യയിലെ ജനത നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ തൃശൂർ കൽപ്പറമ്പ് ബി.വി.എം എച്ച്.എസ്.എസിലെ എം.എ. ആലിയയും ലഹരിയിൽ അടിമപ്പെടുന്ന വിദ്യാർഥി സമൂഹത്തിന്റെ ദുരവസ്ഥ ഉദ്മ പടിഞ്ഞാർ ജമാഅത്ത് ഇ.എം.എച്ച്.എസ്.എസ് വിദ്യാർഥിനി ആയിഷത്ത് ഹിസാനയും അവതരിപ്പിച്ചു. ജൻഡർ ന്യൂട്രാലിറ്റിയുടെ പേരിലെ കാണാപ്പുറങ്ങളാണ് പാലക്കാട് അനങ്ങനടി ജി.എച്ച്.എസ്.എസ് വിദ്യാർഥിനി എം. ഹിബ പദ്യത്തിലൂടെ വ്യക്തമാക്കിയത്. ഗസ്സയിൽ അരങ്ങേറുന്ന കൂട്ടക്കുരുതി ലോകത്തിന്റെ നൊമ്പരമാണെന്ന് ഓരോ വാക്കിലും പ്രഖ്യാപിച്ചാണ് കുട്ടികളിൽ പലരും വേദിവിട്ടത്.

Tags:    
News Summary - Kerala School Kalolsavam 2024 arabic recitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.