ആദ്യമായി കടൽ കാണാനെത്തിയ കലൈ ​സെൽവി ​

കലൈ സെൽവി കണ്ടു കടൽ, കവിത പോലെ...

കൊല്ലം: കലൈ സെൽവി ആദ്യമായി കടൽ കണ്ടു; ഒരു കുഞ്ഞിന്റെ കൗതുകത്തോടെ മുമ്പിൽ ആർത്തിരമ്പുന്ന അറബിക്കടൽ. തീരം കടന്ന് കയറിയ തിരമാല അവളുടെ കാലുകളെ നനച്ചു. അതിന്റെ നിർവൃതിയിൽ അവൾ നിന്നു. പിന്നെ കൈക്കുമ്പിൾ നിറയെ വെള്ളം കോരി എറിഞ്ഞു.

കലൈ സെൽവി അഗളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. തമിഴ് പദ്യ പാരായണം മത്സരത്തിൽ പങ്കെടുക്കാനാണ് അവൾ കൊല്ലത്തെത്തിയത് . അട്ടപ്പാടിക്ക് പുറത്ത് പാലക്കാട് ടൗൺ വരെയും കോയമ്പത്തൂർ വരെയുമാണ് അവൾ ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്​. മത്സരിക്കണം എന്നതിനപ്പുറം താനൊരുപാട് കാണാൻ കൊതിച്ച കടലു കാണണമെന്ന മോഹവും കൊണ്ടാണ് കലോത്സവത്തിനിറങ്ങിയത് . ഒപ്പം മാതാവ്​ മേഘ്നയും. കാടും മലയും കണ്ട് ശീലിച്ചവൾക്ക് ആദ്യ ദീർഘ ദൂര യാത്ര പുതുകാഴ്ചകൾ സമ്മാനിച്ചു.

മത്സരം കഴിഞ്ഞ് വേഗത്തിൽ കടൽ കാണണമെന്ന ആഗ്രഹത്തിലാണ് വേദിയിൽ കയറിയത്. പ്രതീക്ഷിച്ചില്ലെങ്കിലും ഒന്നാമതവളെത്തി. അതിന്റെ സന്തോഷവുംകൊണ്ടാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമായ കടൽ കാണാൻ തങ്കശ്ശേരിക്ക് നടന്നത്. ഒപ്പം വന്നവരും കൂട്ടത്തിൽ കൂടി. ലൈറ്റ് ഹൗസിൽ കയറിയും തീരത്തിറങ്ങിയും കൺകുളിർക്കെ കടൽ കണ്ടും തൊട്ടറിഞ്ഞും ആസ്വദിച്ചാണ് അവൾ മടങ്ങിയത്. പിതാവ് ശക്തി വേൽ അഗളിയിൽ ക്ഷീര കർഷകനാണ്. 

Tags:    
News Summary - Kerala School Kalolsavam 2024 kalai selvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.