നേഹ മതാവ് സരിതക്കൊപ്പം കുച്ചുപ്പുടി വേദിക്കരികിൽ

വേദനക്കപ്പുറമാണീ ചിലങ്കകിലുക്കം

കൊല്ലം: ചിലങ്കയണിഞ്ഞ കാലിലെ വേദന നേഹയുടെ മനസ്സിനെ ഒട്ടും തളർത്തിയില്ല. കുച്ചുപ്പുടി വേദിയിൽ മകൾ കുഴഞ്ഞു വീഴുന്നത് നിറകണ്ണുകളോടെ കാണേണ്ടി വരുമെന്ന്​ ഭയന്ന അനിൽ കുമാറിന്റെയും സരിതയുടെയും പേടിയും ഇതോടെ മാറി. പൊട്ടിക്കരയേണ്ടി വരുമെന്ന് കരുതിയവർ മകളുടെ നടന ചാരുതക്ക് മുന്നിൽ നിറമനസ്സോടെ കൈയടിച്ചു. ജില്ല കലോത്സവത്തിൽ മത്സരം കഴിഞ്ഞപാടെ മകൾ കാലിലെ വേദന സഹിക്കാനാവാതെ വീണു പോയതിന്റെയും ആശുപത്രിയിലെത്തിച്ച് സൂചിമുനയിലൂടെ മരുന്നിറക്കിയതിന്റെയുമെല്ലാം നടുക്കുന്ന ഓർമകളായിരുന്നു ആ മാതാപിതാക്കളെ കുച്ചിപ്പുടി വേദിയിലും ഭയപ്പെടുത്തിയത്.

ഒന്നര വർഷം മുമ്പ് നൃത്തം പരിശീലിക്കവെ വേദിയിൽ ചുവടുതെറ്റി വീണ് വലതു കാലിന്റെ ലീഗ്​മെന്റിലെ എല്ലുപൊട്ടിയതാണ് കോഴിക്കോട് സിൽവർ ഹിൽസ് എച്ച്.എസ്.എസിലെ നേഹ നായരുടെ കലാജീവിതത്തിലെ കറുത്ത അധ്യായമായത്. ചികിത്സിച്ച ഡോക്ടർ വർഷങ്ങളോളം നൃത്തത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് പറഞ്ഞത് കരിനിഴലായി. എങ്കിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചത്തിൽ നേഹ മുന്നോട്ടു പോയി. കോഴിക്കോട് ആസ്റ്റർ ഓർത്തോയിലെ ഡോ. സുഹാസാണ് ആത്മവിശ്വാസം പകർന്നത്. ആഴ്ചയിൽ രണ്ടു തവണ കാലിന് ഫിസിയോതെറാപ്പി ചെയ്യുകയാണിപ്പോൾ. നൃത്തമാടുമ്പോൾ വേദന കൂടുന്നതിനാൽ ബാന്റേഡ് ചുറ്റിയാണ് കളിച്ചത്. മൂന്നാം വയസ്സ്​ തൊട്ട് നൃത്തം പഠിക്കുന്ന നേഹ കഴിഞ്ഞ വർഷം സി.ബി.എസ്.ഇ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ ഒന്നാമതെത്തിയിരുന്നു. ഇത്തവണ കുച്ചുപ്പുടിക്കു പുറമെ ഗ്രൂപ്പ് ഡാൻസിനും എ ഗ്രേഡും ലഭിച്ചു. നൃത്തം ചെയ്യുന്ന ദേവി അലമേലു മങ്കയെയാണ് നേഹ അവതരിപ്പിച്ചത്. വിനീത് കുമാറാണ് ഗുരു.

Tags:    
News Summary - kerala school kalolsavam-kuchipudi-neha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.