ഹയർസെക്കൻഡറി വിഭാഗം മാപ്പിളപ്പാട്ടിൽ പങ്കെടുത്ത ദേവദത്തൻ അച്ഛൻ അഭിലാഷിനൊപ്പം

ഇത് മാനവികതയുടെ ഇശൽ മുറുക്കം, സോപാനസംഗീതത്തിന് മാപ്പിളപ്പാട്ടിന്റെ കൂട്ട്

കൊല്ലം: ഇടയ്ക്കയുടെ താളത്തിൽ സോപാന സംഗീതം ഉതിരുന്ന നാവിൽ നിന്ന് ഖുർആനിലെ ‘അസ്ഹാബുകൾ കഹ്ഫ്’ സംഭവം ഇടമുറിയാതെ പെയ്തിറങ്ങിയപ്പോൾ മാനവികതയുടെ ഇശലിന് മഴവില്ലഴക്. ഹയർസെക്കൻഡറി വിഭാഗം മാപ്പിളപ്പാട്ടിലാണ് കോട്ടയം തിരുവാർപ്പ് ഗുരുദേവ ക്ഷേത്രത്തിലെ തന്ത്രി എ.ടി അഭിലാഷി​ന്റെ മകൻ എ.ദേവദത്തൻ ഇശലിരമ്പം തീർത്തത്. ‘‘ വല്ലാഹി കഥയുടെ പൊരുളുരത്ത് അതിശയ മൊഴികളിൽ ചിതമതിലന്നാളിൽ..’’ എന്ന് തുടങ്ങുന്ന ‘യെണ്ടാരെ പുതുക്കച്ചാട്ട് നീട്ട് ഇശലി’ന്റെ ചന്തത്തിലും സ്വരചടുലതയിലും സദസ്സിന്റെ മനസ്സും നിറഞ്ഞു.

തന്റെ വഴിയെ മകനെ കൈപിടിച്ചെത്തിക്കുന്നതിനായി ചെറുപ്പം മുതൽ തന്നെ ക്ഷേത്ര കലകളിൽ പരിശീലനം നൽകാൻ അഭിലാഷ് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സോപാന സംഗീതം അഭ്യസിപ്പിക്കാൻ തിരുവാർപ്പ് അനന്തു എന്ന ക്ഷേത്രകലാകാരനെ ചുമതലപ്പെടുത്തിയത്. പരിശീലനം തുടരുന്നതിനിടെയാണ് ദേവദത്തന് മാപ്പിളപ്പാട്ടിലുള്ള താത്പര്യം അനന്തു തിരിച്ചറിയുന്നത്. ആദ്യമായി മാപ്പിളപ്പാട്ട് പഠിപ്പിക്കുന്നതും സോപാന കലാകാരനായ അനന്തു തന്നെ. ഇശൽ വ​ഴങ്ങുമെന്ന് വന്നതോടെ ദേവദത്തനും വലിയ ആത്മവിശ്വാസം. അങ്ങനെയാണ് സ്കൂൾ കലോത്സവ വേദികളിലേക്കെത്തുന്നതും. പടപ്പാട്ടും മൈലാഞ്ചിപ്പാട്ടും ഖിസ്സപ്പാട്ടുമെല്ലാം ഒഴുകിപ്പരക്കുന്ന കലോത്സവേദികളിൽ ദേവദത്തും വേറിട്ട സാന്നിധ്യമായി. അബുൽ ഖൻസ രചിച്ച് മുഹ്സിൻ ഗുരുക്കൾ ഈണം പകർന്ന പാട്ടാണ് ദേവദത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചത്. ഒരു മാസം കൊണ്ടാണ് പാട്ട് പഠിച്ചത്. സ്കുൾ തല മത്സരം മുതൽ ഈ പാട്ടാണ് പാടുന്നതും. അച്​ഛനും അമ്മ സജിതക്കും സഹോദരി ശിവഗംഗക്കുമൊപ്പമാണ് ദേവദത്തൻ കൊല്ലത്തെത്തിയത്​. മാപ്പളിപ്പാട്ടിനൊപ്പം സോപാനസംഗീതവും തുടരാനാണ് ദേവദത്തന്റെ തീരുമാനം.

Tags:    
News Summary - kerala school kalolsavam-sopana sangeetham and mappilappattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.