ശ്രീജേഷിനെ പോലുള്ള കായിക താരങ്ങളെ വളർത്തിയെടുക്കാനാണ് കേരള സ്‌കൂൾ ഒളിമ്പിക്സ്-വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിനെ പോലെയുള്ള കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രഥമ ‘കേരള സ്‌കൂൾ ഒളിമ്പിക്സ് കൊച്ചി ട്വന്റി ഫോർ’ എന്ന പേരിൽ നവംബർ നാല് മുതൽ 11 വരെ രാവും പകലുമായി എറണാകുളം ജില്ലയിൽ നടത്തുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.  

സംസ്ഥാനത്ത് 45 ലക്ഷം വിദ്യാർഥികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ പരിഗണന വിഷയങ്ങളിൽ ഒന്നാണ് ആരോഗ്യവും സ്പോർട്സും. കുട്ടികളുടെ കായിക പ്രതിഭ ചെറിയ പ്രായത്തിൽ കണ്ടെത്തി സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാകുന്ന ഇൻക്ലൂസിവ് സ്പോർട്സ് ഒളിമ്പിക്സിന്റെ ഭാഗമാകും. 

24,000 കായികതാരങ്ങൾ അണിനിരക്കുന്ന ലോകത്ത് തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയാകും ഇത്. എറണാകുളം ജില്ലയിൽ 16 മത്സരവേദികളിലാണ് ഒളിമ്പിക്സ് അരങ്ങേറുക. ഉദ്ഘാടന സമ്മേളനം ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞദിവസം കേരള സ്‌കൂൾ ഒളിമ്പിക്സിന്റെ സംഘാടകസമിതി യോഗം കൊച്ചിയിൽ ചേർന്നിരുന്നു. 

15 സബ്ക്കമ്മിറ്റികൾക്ക് യോഗം അംഗീകാരം നൽകി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികൾ ചെയർമാൻമാരായും അധ്യാപക സംഘടന ഭാരവാഹികൾ കൺവീനർമാരായും ഉള്ള കമ്മിറ്റികളാണ് നിലവിൽ വന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കമ്മിറ്റികളിലും വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു പ്രതിനിധി അംഗമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടകസമിതി ഓഫീസ് കൊച്ചി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Kerala School Olympics to nurture sports stars like Sreejesh. -V Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.