ഉരുൾദുരന്തം: ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ നാളെ പ്രത്യേക തിരച്ചില്‍

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഞായറാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് 3.30 വരെ ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍ നടത്തുമെന്ന് ടി. സിദ്ദിഖ് എം.എല്‍.എ അറിയിച്ചു. ചീഫ് സെക്രട്ടറി വി. വേണുവിന്‍റെ അധ്യക്ഷതയിൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ ചേർന്ന ദുരന്തബാധിതരുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗത്തിൽ സൂചിപ്പാറ ഭാഗങ്ങളിൽ തിരച്ചിൽ നടത്തണമെന്ന് ബന്ധുക്കൾ നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നു.

മന്ത്രിസഭാ ഉപസമിതിയും ഈ ആവശ്യം അംഗീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ, വിവിധ സേനാ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് ഈ ഭാഗങ്ങളിൽ തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. എന്‍.ഡി.ആര്‍.എഫ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, അഗ്നിരക്ഷാസേന, വനം വകുപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍, ചാമ്പ്യന്‍സ് ക്ലബ് പ്രവര്‍ത്തകര്‍, തദ്ദേശീയരായ ആളുകൾ എന്നിവരെ ഉള്‍പ്പെടുത്തിയാണ് തിരച്ചിലിന് പ്രത്യേക ടീം രൂപവത്കരിച്ചത്. ചെങ്കുത്തായ വന മേഖലയില്‍ പരിശോധന നടത്താൻ 14 പേര്‍ അടങ്ങുന്ന ഒരു ടീമായാണ് സംഘം പോകുന്നത്.

തിരച്ചിലിന് പോകുന്നവര്‍ക്ക് ഉപകരണങ്ങൾ എത്തിക്കാന്‍ മറ്റൊരു സംഘവും അനുഗമിക്കും. ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട രണ്ട് സേനാംഗങ്ങളും തിരച്ചലിന്റെ ഭാഗമാവും. എസ്.ഒ.ജിയുടെ ഒരു ടീം സാധന സാമഗ്രികള്‍ എത്തിച്ച് നല്‍കും. ദുര്‍ഘട മേഖലയില്‍ തിരച്ചില്‍ നടക്കുന്നതിനാല്‍ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ടീമിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ഏകോപിപ്പിക്കും. മേഖലയില്‍ എയര്‍ലിഫ്റ്റ് സംവിധാനം ആവശ്യമാണെങ്കില്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.

Tags:    
News Summary - Wayanad Landslide: Special search today in Suchipara area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.