പൂജിക്കാനെന്ന പേരിൽ​ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടി; രണ്ടുപേർ കൂടി അറസ്റ്റിൽ

കോട്ടയം: പൂജിക്കാനെന്ന്​ വിശ്വസിപ്പിച്ച്​ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ആലപ്പുഴ മുഹമ്മ കണിയാകുളം ഭാഗത്ത് നായിക്കപ്പറമ്പിൽ വീട്ടിൽ കൃഷ്ണമ്മ (43), മുഹമ്മ ആര്യക്കര അമ്പലം ഭാഗത്ത് പുളിമൂട്ടിൽ എസ്​. അജിത (50) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ജൂലൈ 10ന്​ പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ കത്തി, പുൽത്തൈലം തുടങ്ങിയവ വിൽക്കാനെത്തിയിരുന്നു. വീട്ടമ്മയുമായി സംസാരിച്ച്​ അടുപ്പം സ്ഥാപിച്ച് വീടിന് ദോഷമുണ്ടെന്നും പരിഹാരത്തിനായി സ്വർണാഭരണങ്ങൾ പൂജിക്കണമെന്നും വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച വീട്ടമ്മ സ്വർണാഭരണങ്ങള്‍ പൂജിക്കാൻ വീട്ടിലെ സെറ്റിയില്‍വെച്ചു. പൂജ പൂർത്തീകരിക്കണമെങ്കിൽ വീടിന്റെ പരിസരത്തുനിന്ന്​ കല്ലുകളോ മറ്റ് സാധനങ്ങളോകൂടി വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് വീട്ടമ്മ അതെടുക്കാൻ മാറിയ സമയം ഇവർ സെറ്റിയില്‍വെച്ച സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

കേസിൽ ഷാജിത ഷെരീഫ്, സുലോചന എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടരന്വേഷണത്തിലാണ് കൃഷ്ണമ്മയും അജിതയും കൂടെയുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്​. ഷാജിതയും സുലോചനയും വീട്ടിൽ കയറിയ സമയം കൃഷ്ണമ്മയും അജിതയും പരിസരം നിരീക്ഷിച്ച് വെളിയിൽ നിൽക്കുകയുമായിരുന്നു. മോഷ്ടിച്ച സ്വർണം അജിതയും കൃഷ്ണമ്മയും ചേർന്ന് കോട്ടയത്തെ സ്വർണക്കടയിൽ വിറ്റ്​ പണം നാലുപേരും ചേർന്ന് വീതിച്ചെടുത്തതായും പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - Two more people arrested for cheating housewife and gold theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.