ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും കുട്ടികളെത്തി. ക്ലാസ് മുറികളിൽ കളിചിരികളും സൗഹൃങ്ങളും അറിവിന്റെ പുതിയ പാഠങ്ങളും വിടർന്നു. ലോകത്തെ നിശ്ചലമാക്കിയ മഹാമാരിയിൽ താഴുവീണ പള്ളിക്കൂടങ്ങളിൽ 590 ദിനങ്ങൾക്കൊടുവിൽ വീണ്ടും ആരവമുയർന്നു.
(പ്രവേശനോത്സവത്തോടനുബന്ധിച്ച് എറണാകുളം ഗവ. മോഡൽ എച്ച്.എസ്.എസിലെത്തിയ കാർട്ടൂൺ കഥാപാത്രം 'മിനിയൻ' ഒന്നാം ക്ലാസിലേക്കെത്തിയ നേഹ സുമേഷുമായി കുശലം പങ്കിടുന്നു - ചിത്രം: അഷ്കർ ഒരുമനയൂർ)
പിരിഞ്ഞിരുന്ന സഹപാഠികളെയും അധ്യാപകരെയും കൺനിറയെ കാണാനും മാറിയ കാലമറിഞ്ഞുള്ള പഠനാനുഭവങ്ങളിലേക്കുമാണ് അവർ വീണ്ടുമെത്തിയത്. കോവിഡ്കാല പാഠങ്ങൾ ഒാർത്തുവെച്ചാണ് വീണ്ടും അക്ഷരമുറ്റങ്ങൾക്ക് ജീവൻ പകരുന്നത്. മാസ്കണിഞ്ഞും കൈകൾ ശുചീകരിച്ചും അകലം പാലിച്ചും പുതിയ സ്കൂൾ അനുഭവങ്ങളിലേക്കാണ് കുട്ടികളെത്തിയത്.
(കണ്ണൂർ തളാപ്പ് യു.പി സ്കൂളിൽ നിന്നുള്ള ദൃശ്യം)
(പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ... പ്രവേശനോത്സവത്തിന് ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മിഠായി ധൃതിയിൽ കഴിച്ച് തീരുമ്പോഴേക്കും പ്രാർഥനാ ഗാനമെത്തി.. അപ്പൊപ്പിന്നെ കൈവിരലിലെ മധുരം നുണഞ്ഞിറക്കാതെ തരമില്ല. എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസിൽ നിന്ന് -ചിത്രം: അഷ്കർ ഒരുമനയൂർ)
ശുചീകരണവും അണുനശീകരണവും ഉൾപ്പെടെ ഒരു മാസത്തോളം നീണ്ട ഒരുക്കം കുട്ടികളെ വരവേൽക്കാനായി സ്കൂളുകളിൽ നടത്തിയിരുന്നു. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 10, പ്ലസ് ടു ക്ലാസുകളുമാണ് തിങ്കളാഴ്ച തുടങ്ങിയത്. എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15ന് ആരംഭിക്കും.
ബാച്ചുകളായി തിരിച്ചുള്ള അധ്യയന രീതിയായതിനാൽ ആദ്യദിനം എല്ലാവരും എത്തിയില്ല. സർക്കാറിെൻറ പൊതുമാർഗരേഖ അനുസരിച്ചായിരിക്കും സ്കൂളുകളുടെ പ്രവർത്തനം. ആദ്യ രണ്ടാഴ്ച ഒൗപചാരിക പഠനത്തിനു പകരം കുട്ടികളിലെ പഠന വിടവ് കണ്ടെത്താനും പഠനത്തിലേക്ക് തിരികെ കൊണ്ടുവരാനും പര്യാപ്തമായ പ്രവർത്തനങ്ങളായിരിക്കും. വിദ്യാർഥികൾക്ക് യൂനിഫോം നിർബന്ധമല്ല. ആദ്യ രണ്ടാഴ്ച ഹാജർ എടുക്കില്ല. സാമൂഹിക അകലം ഉറപ്പാക്കാൻ കുട്ടികളെ ആറു മുതൽ 10 വരെ പേരുള്ള ഗ്രൂപ്പുകളാക്കി ബയോബബ്ൾ സമ്പ്രദായം നടപ്പാക്കും.
(തൃശൂർ വില്ലടം ഗവ. എൽ.പി സ്കൂളിലെത്തിയ ഒന്നാം ക്ലാസുകാർ)
സംസ്ഥാന, ജില്ല, സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവങ്ങൾ നടക്കുകയാണ്. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യു.പി.എസിലാണ് സംസ്ഥാനതല ഉദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.