10,000 കോടി വായ്പക്ക് കേന്ദ്രത്തോട് അനുമതി തേടി കേരളം, അനുകൂല പ്രതികരണമില്ല

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്​ 10,000 കോടി രൂപ പ്രത്യേക വായ്പയെടുക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേരളം കേന്ദ്രത്തെ സമീപിച്ചു. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്‍റെ ഒരു ശതമാനം വരുന്ന തുകയാണിത്​. ധനമന്ത്രി നിർമല സീതാരാമനെ കണ്ട്​ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലാണ്​ ആവശ്യം ഉന്നയിച്ചത്​. എന്നാൽ അനുകൂല പ്രതികരണമില്ല.

വായ്പപരിധി മൂന്നു ശതമാനമായി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്​. അതിനിടയിലാണ്​ പ്രത്യേക വായ്പാനുമതി തേടിയത്​. ശമ്പളവും പെൻഷനും മുടങ്ങുന്ന സ്ഥിതിയിലാണ്​ സാമ്പത്തിക സാഹചര്യങ്ങളെന്ന്​ ബാലഗോപാൽ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

ജി.എസ്​.ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ 12,000 കോടിയോളം രൂപയുടെ വരുമാനക്കമ്മിയുണ്ട്​. റവന്യൂ കമ്മി ഇനത്തിൽ 8,400 കോടിയുടെ ഗ്രാന്‍റും കുറച്ചു. വായ്പ പരിധി വെട്ടിക്കുറച്ചതിനാൽ 8,000 കോടി സമാഹരിക്കാവുന്ന വഴിയും അടഞ്ഞു. ധനകമീഷൻ ശിപാർശ പ്രകാരമുള്ള വിഹിതം, മാനദണ്ഡം മാറ്റിയതു മൂലം നേർപകുതിയായി.

യു.ജി.സി ശിപാർശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പാക്കാൻ ചെലവാക്കിയ 750 കോടിയോളം രൂപ കേന്ദ്രം നൽകാനുണ്ട്​. കേന്ദ്ര പെൻഷൻ ഇനത്തിൽ 500 കോടി, ആരോഗ്യ ധനസഹായമായി 371 കോടി എന്നിവയും കുടിശ്ശികയാണ്​. ഈ തുക ഏറ്റവും നേരത്തെ സംസ്ഥാനത്തിന്​ ലഭ്യമാക്കണം. മുൻവർഷത്തേക്കാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്​ കേരളം നീങ്ങുന്നത്​. കേന്ദ്രത്തിന്‍റെ നയം മാറ്റങ്ങളാണ്​ പ്രധാന കാരണമെന്ന്​ ബാലഗോപാൽ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.  

Tags:    
News Summary - Kerala seeks approval from Center for Rs 10,000 crore loan, no favorable response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.