ഗൾഫിലേക്ക് വിമാന സര്‍വിസിന് അനുമതി തേടി കേരളം

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താൻ ന്യായമായ വിമാന നിരക്കിൽ ചാർട്ടേഡ് ഫ്ലൈറ്റുകളൊരുക്കാൻ അനുമതി തേടി കേരളം. അനുമതി വേഗത്തിലാക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏപ്രിൽ രണ്ടാം വാരം മുതൽ അഡീഷനൽ / ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കുകയാണു ലക്ഷ്യം.

വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെയേ ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് അഡീഷനൽ/ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താനാകൂ. വിഷു, ഈസ്റ്റർ, പെരുന്നാൾ എന്നിവ ഏപ്രിൽ രണ്ടും മൂന്നും ആഴ്ചകളിൽ വരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്നു നിരവധി മലയാളികളാണു നാട്ടിലേക്കു വരാനൊരുങ്ങുന്നത്. ഇതു മുൻനിർത്തിയാണ് ന്യായമായ നിരക്കിൽ വിമാന യാത്രാസൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ രണ്ടുമാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്സവ സീസണുകൾ, സ്‌കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയസമ്പാദ്യം വിമാന ടിക്കറ്റിന് നൽകേണ്ട അവസ്ഥയാണ് പ്രവാസികൾക്കുണ്ടാകുന്നത്.

നിരക്കുകൾ പുനഃപരിശോധിക്കണമെന്ന സംസ്ഥാന സർക്കാറിന്റെയും പ്രവാസി സംഘടനകളുടെയും ആവശ്യത്തോട് എയർലൈൻ ഓപറേറ്റർമാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. തിരക്കേറിയ അവസരങ്ങളിൽ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ വിമാന കമ്പനികളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Kerala seeks permission for air service to Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.