തിരുവനന്തപുരം: സർവകലാശാല സമർപ്പിച്ച പട്ടിക പൂർണമായും വെട്ടി ചാൻസലറായ ഗവർണർ 17 പേരെ കേരള സെനറ്റിലേക്ക് നാമനിർദേശം ചെയ്തു. ഇവരിൽ ഭൂരിഭാഗവും ബി.ജെ.പി നോമിനികളാണ്. കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് കഴിഞ്ഞ ദിവസം ഗവർണർ 18 പേരെ നാമനിർദേശം ചെയ്തപ്പോൾ സർവകലാശാല നൽകിയ പട്ടികയിൽ നിന്ന് രണ്ടുപേരെ മാത്രമാണ് പരിഗണിച്ചിരുന്നത്.
കേരള സർവകലാശാലയിൽനിന്ന് മൂന്നു തവണയായി 17 പേരുടെ പട്ടിക രാജ്ഭവനിലേക്ക് നൽകിയിരുന്നെങ്കിലും ഒന്നു പോലും പരിഗണിച്ചിട്ടില്ല. അധ്യാപക, വിദ്യാർഥി പ്രതിനിധികൾ, ജേണലിസ്റ്റ് ഉൾപ്പെടെ മണ്ഡലങ്ങളിൽ നാമനിർദേശം ചെയ്തവരെല്ലാം ബി.ജെ.പി പട്ടികയിൽ നിന്നുള്ളവരാണ്. എ.ബി.വി.പി, ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു എന്നിവയുടെ ഭാരവാഹികളും സജീവ പ്രവർത്തകരും ഇവരിൽ ഉൾപ്പെടുന്നു.
ഒന്നോ രണ്ടോ ബി.ജെ.പിക്കാരെ പട്ടികയിൽ ഉൾപ്പെടുത്തുന്ന രീതിക്കുപകരം ഭൂരിഭാഗം പേരെയും ബി.ജെ.പി പട്ടികയിൽനിന്ന് പരിഗണിക്കുന്ന സംഭവം ആദ്യമാണ്. ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റി നൽകിയ പട്ടികയിൽനിന്നാണ് ഗവർണർ നാമനിർദേശം നടത്തിയതെന്നാണ് ആരോപണം. സിൻഡിക്കേറ്റിലും പ്രതിനിധിയെ ഉറപ്പിക്കാൻ ബി.ജെ.പിക്കാകും. കാലിക്കറ്റ് സെനറ്റിലേക്ക് നാമനിർദേശം ചെയ്തവരുടെ പട്ടികയിലും ബി.ജെ.പി പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.