കോഴിക്കോട്: സ്വർണം റെക്കോർഡ് വിലയിലെത്തിയപ്പോൾ പഴയ ആഭരണങ്ങൾ വിറ്റഴിച്ച് പണമാക്കി മാറ്റിയതിൽ മുന്നിൽ മലയാളികൾ. മൂന്നുമാസത്തിനിടെ 10.79 ടൺ പഴയ സ്വർണമാണ് ജ്വല്ലറികളിൽ തിരിച്ചെത്തിയത്. 2020 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കണക്കുകൾ അവലംബിച്ചാണ് വേൾഡ് ഗോൾഡ് കൗൺസിലിൻെറ ഈ വിലയിരുത്തൽ. വിലവർധനയും കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ച് വന്നതാണ് വിൽപന ത്വരിതപ്പെടുത്തിയത്.
ഇക്കാലയളവിൽ രാജ്യത്ത് ആകെ 41.5 ടൺ പഴയ സ്വർണമാണ് ഉരുക്കി ശുദ്ധീകരിച്ച് പുതിയ സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിച്ചത്. 2012ന് ശേഷമുള്ള ഉയർന്ന തോതാണിത്. അതിൽ നാലിലൊന്നും കേരളത്തിൽനിന്നുള്ളതാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 36.5 ടണ്ണായിരുന്നു വിൽപന. 13.6 ശതമാനം വർധനവാണുണ്ടായത്.
ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും കാരണം പുതിയ സ്വർണത്തിൻെറ ഇറക്കുമതി പരിമിതമായിരുന്നു. ആഗോളതലത്തിലും പഴയ സ്വർണത്തിൻെറ പുനരുപയോഗം വർദ്ധിച്ചു. ജൂലൈ - സെപ്റ്റംബർ കാലയളവിൽ ലോകത്ത് 376.1 ടൺ പഴയ സ്വർണമാണ് ഉരുക്കി ശുദ്ധീകരിച്ച് പുനരുപയോഗത്തിന് നിർമ്മാണമേഖലയിലെത്തിയത്. ഏപ്രിൽ -മേയ് -ജൂൺ മാസത്തെ അപേക്ഷിച്ച് 31ശതമാനം വർധന രേഖപ്പെടുത്തി.
വിലയിടിവ് തുടങ്ങിയതോടെ പഴയ സ്വർണ വിൽപനയുടെ തോത് കുറഞ്ഞിട്ടുണ്ട്. 2020 ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില. ആഗസ്റ്റ് ഏഴിന് എക്കാലത്തെയും റെേക്കാർഡ് വിലയായ 42,000ൽ എത്തി. പിന്നീട് തുടർച്ചയായ ചാഞ്ചാട്ടമായിരുന്നു. സെപ്തംബറിൽ 36,720 രൂപയും ഒക്ടോബറിൽ 37,120 രൂപയുമാണ് പവന് രേഖപ്പെടുത്തിയ കുറഞ്ഞ വില. എന്നാൽ, ഈ മാസം നേരിയ തോതിലാണെങ്കിലും വിലയിൽ തുടർച്ചയായ വർധനവാണ് കാണിക്കുന്നത്.
നവംബർ ഒന്നിന് 37,680 രൂപയിൽ ആരംഭിച്ച സ്വർണവില അഞ്ചുദിവസം പിന്നിട്ടപ്പോൾ 720 രൂപ വർധിച്ച് 38,400 രൂപയായി. യുഎസ് പ്രസിഡൻറ് തെരഞ്ഞടുപ്പ് ഫലം സ്വർണ വിലയിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. ട്രംപ് വിജയിച്ചാൽ ട്രോയ് ഔൺസിന് 100 ഡോളർ വരെ വർധിച്ചേക്കാമെന്നും ബൈഡനാണെങ്കിൽ ചാഞ്ചാട്ടം തുടരുമെന്നുമാണ് നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.