ചേർത്തലയിലെ സ്​റ്റാർട്ടപ്പിന്​ കേന്ദ്ര സർക്കാറിൻെറ ഒരു കോടി സമ്മാനം

ആലപ്പുഴ: കേന്ദ്രസർക്കാർ കോവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോൺഫറൻസ് ഇന്നൊവേഷൻ ചലഞ്ചിൽ ചേർത്തല ഇൻഫോപാർക്കിലെ ടെക്‌ജെൻഷ്യ വികസിപ്പിച്ച വീകൺസോൾ ഒന്നാം സ്ഥാനം നേടി. ആലപ്പുഴ സ്വദേശി ജോയി സെബാസ്​റ്റ്യൻെറ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പാണ് ടെക്‌ജെൻഷ്യ. രണ്ടായിരത്തോളം കമ്പനികളിൽ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്. ഒരു കോടി രൂപയും മൂന്നു വർഷത്തേക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗ് ഉപകരണങ്ങൾക്കുള്ള കരാറുമാണ് സമ്മാനം. കേന്ദ്ര ഇലക്ട്രോണിക്, ഐ.ടി വകുപ്പു മന്ത്രി രവിശങ്കർ പ്രസാദ് ഓൺലൈൻ ലൈവിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.

ആദ്യഘട്ടമായി 12 കമ്പനികളെ ഷോർട് ലിസ്റ്റ് ചെയ്യുകയും അവർക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നൽകുകയും ചെയ്തു. അവർ സമർപ്പിച്ച പ്രോട്ടോടൈപ്പുകൾ വിലയിരുത്തി മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയും അന്തിമ ഉൽപന്നം വികസിപ്പിച്ചെടുക്കാനായി 20 ലക്ഷം രൂപ വീതം മൂന്നു കമ്പനികൾക്കും നൽകുകയും ചെയ്തു. ഇത്തരത്തിൽ വികസിപ്പിച്ച ഉൽപന്നങ്ങൾ പരിശോധിച്ചാണ് ടെക്‌ജെൻഷ്യയെ തെരഞ്ഞെടുത്തത്.

എം.സി.എ ബിരുദധാരിയായ ജോയി സെബാസ്റ്റിയൻ വർഷങ്ങളായി വീഡിയോ കോൺഫറൻസിംഗുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. 2000ൽ അവനീർ എന്ന കമ്പനിയിൽ വെബ് ഓഡിയോ കോൺഫറൻസിംഗിലാണ്​ തുടക്കം. 2009ൽ ആണ്​ ടെക്‌ജെൻഷ്യ ആരംഭിച്ചത്. അവനീറിൻെറ ഉടമയായ ജെയിംസിന്​ വേണ്ടിയായിരുന്നു ഗവേഷണം. പിന്നീട് യൂറോപ്പിലേയും യുഎസിലേയും ഏഷ്യയിലേയും പല കമ്പനികൾക്കും വേണ്ടി വീഡിയോ കോൺഫറൻസ് ഡൊമൈനിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ ടെക്‌ജെൻഷ്യ ഏറ്റെടുത്തു. അപ്പോഴൊന്നും സ്വന്തമായി ഒരു ഉൽപന്നത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്ന് ജോയി പറയുന്നു. കേന്ദ്രസർക്കാരിൻെറ ഇന്നൊവേഷൻ ചലഞ്ചിനെ തുടർന്നാണ് ടെക്‌ജെൻഷ്യ ആദ്യമായി സ്വന്തമായി ഒരു ഉൽപന്നം തയ്യാറാക്കുന്നത്. അത് ഇന്ത്യയിൽ ഒന്നാമതെത്തുകയും ചെയ്തു.

സുഹൃത്തുക്കളും ഐ.ടി രംഗത്തെ വിദഗ്ധരും ഉൾപ്പെടെ ഒട്ടേറെ ആളുകളെ പങ്കെടുപ്പിച്ച് പലതവണ പരീക്ഷണങ്ങൾ നടത്തിയാണ് ജോയി വീകൺസോളിന് അന്തിമരൂപം നൽകിയത്.

ആലപ്പുഴ മണ്ഡലവുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളിലും സാങ്കേതിക പിന്തുണ നല്‍കുന്നത് ടെക്ജെന്‍ഷ്യ ആണ്. പ്രളയകാലത്ത് ആലപ്പുഴ കളക്ടറേറ്റിലെ കൺട്രോൾ റൂമിൻെറ ​പ്രവർത്തനത്തിലും മറ്റു സോഫ്​റ്റ്​വെയറുകൾ വികസിപ്പിക്കുന്നതിലും ടെക്ജെന്‍ഷ്യയുടെ സഹായം ഉണ്ടായിരുന്നു. 

Tags:    
News Summary - kerala startup won 1 cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.