തിരുവനന്തപുരം: മഹാദുരന്തം വിതച്ച ദുഃഖത്തിനും ഭീതിക്കുമപ്പുറത്തേക്ക് അതിജീവനത്തിന്റെ കഥയാണ് തകഴി ശിവങ്കരപ്പിള്ളയുടെ 'വെള്ളപ്പൊക്കത്തിൽ'. 1924 കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടത്. കൃത്യം നൂറ് വർഷങ്ങൾക്കിപ്പുറം മനുഷ്യരടക്കം സകലജീവജാലങ്ങളുടെയും ഉള്ളുപൊട്ടിച്ച വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ട എട്ടാം ക്ലാസുകാരൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അരങ്ങിലെത്തുന്നത് 'വെള്ളപ്പൊക്കത്തിൽ' നാടകരൂപത്തിൽ അവതരിപ്പിച്ചാണ്. അമൽജിത്തിനെ സംബന്ധിച്ച് ഇതൊരു നാടകമല്ല സ്വന്തം ജീവിതം തന്നെയാണ്.
ഒറ്റ രാത്രികൊണ്ട് തനിക്ക് നഷ്ടമായവയെക്കുറിച്ചുള്ള ഓർമകളാണ് ഉള്ളുനിറയെ. നാടകവും ജീവിതവും ഒത്തുനോക്കുമ്പോൾ സാമ്യതകളേറെ. ഉരുൾ കവർന്ന വെള്ളാർമല സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നാടകത്തിൽ 'വെള്ളപ്പൊക്കത്തി'ലെ കേന്ദ്ര കഥാപത്രമായ ചേന്നൻറെ നായയെയാണ് അമൽജിത്ത് അവതരിപ്പിക്കുന്നത്. 2024 ജൂലൈ 30ന് രാത്രി അമൽ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തം നടക്കുന്നത്.
സഹോദരിയെയും കൂട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവൻ ചളിയിൽ ഒലിച്ചുപോയി. പിന്നെ ഏതൊക്കെയൊ കൈകൾ ജീവിതത്തിലേക്ക് വലിച്ചുകയറ്റി. 'വെള്ളപ്പൊക്കത്തിൽ' കഥയിലേതുപോലെ നായയെയും അമലിന് നഷ്ടപ്പെട്ടു. അരങ്ങിലെത്തുമ്പോൾ അമൽ യഥാർഥത്തിൽ അവന്റെ പ്രിയപ്പെട്ടവന്റെ ഓർമകളും പുന:ജീവിപ്പിക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.