എച്ച്.എസ്.എസ് ചെണ്ടയിൽ എ ഗ്രേഡ് നേടിയ കോട്ടയം ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്.എച്ച് എസ്.എസ് ടീം

ഇടകാലത്തിലൊരു ഉപജീവനത്തിന്‍റെ മേളപ്പെരുക്കം

തിരുവനന്തപുരം: പതികാലത്തിലൊരു മേളത്തുടക്കം. പിന്നെയത്​ അറന്തക്കൂറും കടന്ന്​ ഇടകാലത്തിൽ പര്യവസാനിക്കുമ്പോൾ കലോത്സവ മേളത്തിന്‍റെ പ്രമാണി പട്ടം ളാക്കാട്ടൂർ സംഘത്തി​നൊപ്പം തന്നെ. ആ താളവട്ടത്തിന്​​ ഉപജീവനത്തിന്‍റെയും കൂട്ടായ്മയുടെയും മേളപ്പെരുക്കമുണ്ടായിരുന്നു. കോട്ടയം ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്.എച്ച് എസ്.എസിലെ തായമ്പക, ചെണ്ടമേളം ടീമിലെ മുഴുവൻ പേരുടെയും കോലിന് അതിജീവനത്തിന്‍റെ കഥയുമുണ്ട് പറയാൻ.

സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് എല്ലാവരും. പഴക്കം ചെന്നതും വാടകക്കെടുത്തതുമായ ചെണ്ടയുമായി ക്ഷേത്രങ്ങളിലും പൂരങ്ങളിലും മേളത്തിന് പോയി ലഭിച്ച ദക്ഷിണ ഉപയോഗിച്ചാണ് എല്ലാവരും ഇരുപതിനായിരത്തോളം വിലയുള്ള പുതിയ ചെണ്ട വാങ്ങിയത്. എട്ട് വർഷമായി കൊല്ലൂർ മൂകാംബിക ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, കൊല്ലം മുഖത്തല ക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തുമായി വിവിധ ആരാധനാലയങ്ങളിലും തൃശൂർ പൂരത്തിനും മേളത്തിനെത്താറുണ്ട്. ദക്ഷിണയായി ലഭിക്കുന്ന പണം ചെണ്ടയുടെ പരിപാലനത്തിനും ബാക്കി വീട്ടുകാര്യങ്ങൾക്കും ഉപയോഗിക്കും. അനന്തകൃഷ്ണൻ ആർ. നായരുടെ നേതൃത്വത്തിലാണ് ഇത്തവണ ഹയർ സെക്കൻഡറി വിഭാഗം ചെണ്ട മത്സരത്തിനെത്തിയത്. അജയ് പ്രസാദ്, കൗശിക് ആർ. മൂർത്തി, അക്ഷയ് സുരേഷ്, ശങ്കർ പി. നായർ, അമ്പാടി പി. വേണു ഗോപാൽ എന്നിവരാണ് അകമ്പടി. ഇവർ അടക്കം സ്കൂളിലെ 12 പേർ പ്രഫഷണൽ കൊട്ടുകാരാണ്. മുമ്പ് വിവിധ സ്കൂളുകളിലായിരുന്ന ഇവർ മൂന്ന് വർഷമായി ളാക്കാട്ടൂർ സ്കൂളിന്‍റെ മേളാഭിമാനമാണ്. കലാമണ്ഡലം പുരുഷോത്തമന്‍റെ കീഴിലാണ് പരിശീലനം. മൂന്നാം തവണയാണ്​ ചെണ്ടയിൽ സംസ്ഥാന തലത്തിലെത്തി എ ഗ്രേഡ് നേടിയത്. തിങ്കളാഴ്ച ചെണ്ടമേളത്തിലും കൂട്ടായ്മയുടെ കോലുവീഴും.

Tags:    
News Summary - Kerala State School Kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.