തിരുവനന്തപുരം: കമ്പളചോർക്ക് കുമ്പള കറി വേണുവാ വേണുവാ... കനകക്കുന്നിലെ ഓപൺ ഓഡിറ്റോറിയത്തിൽ വീശീയടിച്ച കാറ്റിനൊപ്പം ഗോത്രകലാ വരികൾക്ക് ചുവട് വെച്ച പെൺകൊടികൾക്കൊപ്പം ഒരു പഞ്ചാബിയും തകർത്താടി. വയനാട്ടിലെ പരമ്പരാഗത ഗോത്ര കലയായ പണിയ നൃത്തത്തിൽ കോഴിക്കോട് ജില്ലക്കായാണ് നാടൻ വസ്ത്രമണിഞ്ഞ് നൃത്തം ചെയ്ത് അസൽ പഞ്ചാബിക്കാരി സദസ്സിനെ ആവേശം കൊള്ളിച്ചത്. മലയാളി തനിമയിലാണ് ഹയർസെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പഞ്ചാബ് ലുധിയാനക്കാരി സഞ്ജന മലയാളി പെണ്ണായി ‘മല്ലു സിങ്ങാ’യത്. തന്റെ കൂട്ടുകാരികൾക്കൊപ്പം ഒരുമിച്ച് നൃത്ത ചുവടുകൾ പങ്കുവെച്ച് ഒരു സംസ്കാര കലയുടെ കൈമാറ്റത്തിന്റെ മനോഹര കാഴ്ചയായിരുന്നു അവളുടെ സാന്നിധ്യം.
പഞ്ചാബിലെ നൃത്ത ചുവടുകളോട് സാമ്യം തോന്നിയാൽ തനിക്കും പണിയ നൃത്തം പടിക്കണമെന്ന് സഞ്ജന അധ്യാപകരോട് ആവശ്യപ്പെട്ടു. അങ്ങിനെയാണ് പഞ്ചാബികാരി തനി മലയാളി നൃത്തക്കാരിയായത്. ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതെന്നും ഏറെ സന്തോഷത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തതെന്നും സഞ്ജന ‘മാധ്യമ’ത്തോട് പറഞ്ഞു. ആറാം ക്ലാസ് മുതൽ കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം.ജി.എച്ച്.എസ്.എസിലെ പ്ലസ്‍വൺ വിദ്യാർഥിനിയാണ്. പിതാവ് സോനു കോഴിക്കോട്ട് ഷൂ നിർമാണ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. രേഖയാണ് അമ്മ. കോഴിക്കോട് ഗാന്ധിറോഡിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.