തിരുവനന്തപുരം: കേരള നടന വേദിയിൽ അമയ വി. പ്രമോദിന്റെ നൃത്ത ചുവടവസാനിച്ചപാടെ പിതാവ് ഡോ. പ്രമോദ് ദാസ് മകൾക്ക് കെട്ടിപ്പിടിച്ചൊരു പൊന്നുമ്മ കൊടുത്തു. ആടയാഭരണങ്ങളണിയുമ്പോഴും കണ്ണെഴുതി പൊട്ടുകുത്തുമ്പോഴും, എന്തിന് വേദിയിലെത്തുന്നതിന് തൊട്ടുമുമ്പുപോലും മകൾ ചർദ്ദിച്ചവശയായതിന്റെ വേവലാതിയിലായിരുന്നു ആ പിതൃ മനസ്.
മകളുടെ കാലിലണിഞ്ഞുകൊടുത്ത പൊൻചിലങ്ക പാദമുദ്രകളാടാനാവാതെ അഴിച്ചു മാറ്റേണ്ടി വരുമോ എന്നായിരുന്നു മകൾക്ക് മൂന്നാം വയസ് മുതൽ നൃത്തചുവടുകൾ പകർന്ന ആ പിതാവിന്റെ ആശങ്ക. തലേന്നാൾ കഴിച്ച ഭക്ഷണമാണ് ചർദ്ദിക്ക് കാരണമായത് എന്നാണ് കരുതുന്നത്. പാലക്കാട് പി.എം.ജി എച്ച്.എസ്.എസ് എട്ടാംതരം വിദ്യാർഥിയായ മകളുടെ സംസ്ഥാന കലോത്സവത്തിലെ അരങ്ങേറ്റമാണിത് ഇത് പറയുമ്പോൾ പ്രമോദ് ദാസിന്റെ കണ്ണ് ഈറനണിഞ്ഞു.
മൂന്നു പതിറ്റാണ്ട് മുമ്പത്തെ സ്കൂൾ കലോത്സവത്തിലെ മിന്നും താരം കൂടിയാണ് പ്രമോദ്. മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ പങ്കെടുത്ത പ്രമോദിന് 1992ലെ കലോത്സവത്തിൽ ഒരു പോയന്റിനാണ് കലാപ്രതിഭ പട്ടം നഷ്ടമായത്. കലാജീവിതത്തിലെ ആ നോവാണ് മകളെ ചെറുപ്പം മുതലേ നൃത്തം അഭ്യസിപ്പിക്കുന്നതിന് കാരണമായത്. ഹൈസ്കൂൾ വിഭാഗം കേരളനടനത്തിൽ എ ഗ്രേഡോടെയാണ് അമയയുടെ ജയം. പ്രമോദ് ദാസും ഭാര്യ വീണ ചന്ദ്രനും അധ്യാപകരാണ്. അമയുടെ സഹോദരൻ കേശവ് വി. പ്രമോദും കലാരംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.