'ദ കേരള സ്റ്റോറി'; '32,000 സ്ത്രീകളുടെ കഥ' റിലീസിന് മുമ്പ് മൂന്നായി ചുരുക്കി

വിദ്വേഷ പ്രചാരണവുമായെത്തുന്ന വിവാദ സിനിമ 'ദ കേരളാ സ്റ്റോറി'യുടെ വിവരണത്തിൽ നിന്ന് '32,000 സ്ത്രീകളുടെ കഥ' എന്നത് മാറ്റി. 'കേരളത്തിൽ നിന്നുള്ള മൂന്ന് യുവതികളുടെ കഥ' എന്നാണ് യുട്യൂബ് ട്രെയിലറിൽ ഇപ്പോൾ നൽകിയിരിക്കുന്ന വിവരണം.

'കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ' എന്നായിരുന്നു സൺഷൈൻ പിക്ചേഴ്സിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിൽ നൽകിയിരുന്ന അടിക്കുറിപ്പ്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു. 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു. സിനിമക്കെതിരായ പ്രതിഷേധം ശക്തമായതോടെയാണ് നുണപ്രചാരണത്തിന് മാറ്റം വന്നിരിക്കുന്നത്. 'കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ യഥാർത്ഥ കഥകൾ' എന്നാണ് ഇപ്പോൾ നൽകിയ അടിക്കുറിപ്പ്.


'ദി കേരള സ്റ്റോറി'ക്ക് എ സർട്ടിഫിക്കറ്റോടെ കേന്ദ്ര സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചിരുന്നു. ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചത്. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.

'ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ' എന്ന സംഭാഷണത്തിൽ നിന്നും 'ഇന്ത്യൻ' എന്ന വാക്ക് നീക്കണം. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങൾ സഭ്യമായ രീതിയിൽ പുനക്രമീകരിക്കാനും സെൻസർ ബോർഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പൂജ ചടങ്ങുകളിൽ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തിൽ നിന്നും നീക്കം ചെയ്യാനാണ് ആവശ്യം. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.


'ദ കേരളാ സ്റ്റോറി'യുടെ പ്രദർശനത്തിനെതിരെയുള്ള അപേക്ഷയിൽ ഇന്ന് അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. നാളെ വിശദമായ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഫയൽ ചെയ്യാനാണ് നീക്കം.

Tags:    
News Summary - the kerala story movie description change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.