തിരുവനന്തപുരം: ജനജീവിതത്തെ ദുസ്സഹമാക്കി കേരളത്തിൽ ചൂട് റെക്കോഡിലേക്ക്. ശനിയാഴ്ച പാലക്കാട് താപനില 41.5 ഡിഗ്രിയിലേക്ക് ഉയർന്നു. 2016നു ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ചൂട് അനുഭവപ്പെടുന്നത്. സാധാരണത്തേതിനേക്കാൾ 4.5 ഡിഗ്രി ചൂടാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ താപനില മാപിനിയിൽ പാലക്കാട് രേഖപ്പെടുത്തിയത്.
2016ൽ പാലക്കാട് തന്നെ രേഖപ്പെടുത്തിയ 41.9 ഡിഗ്രി ചൂടാണ് ഇതുവരെ സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയർന്ന ചൂട്. ഏതാനും ദിവസങ്ങളായി പാലക്കാട് താപനില 40ന് മുകളിലായിരുന്നു. 24 മണിക്കൂറിനകം ചൂട് ഇത്രയും ഉയർന്നത് കാലാവസ്ഥ നിരീക്ഷകരെപ്പോലും ആശങ്കയിലാക്കിയിട്ടുണ്ട്. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടും. പാലക്കാടിന് പുറമെ, കൊല്ലത്തും താപനില ഉയരുകയാണ്. 39-40 ഡിഗ്രി ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.
കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും ചൂട് സാധാരണയെക്കാൾ മൂന്ന് ഡിഗ്രിവരെ ഉയർന്നിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും വേനൽമഴ കുറഞ്ഞതോടെ പകലുള്ള ചൂടാണ് രാത്രിയും പുലർച്ചയും അനുഭവപ്പെടുന്നത്. ശനിയാഴ്ച കോഴിക്കോട് പുലർച്ച രേഖപ്പെടുത്തിയത് 29 ഡിഗ്രി. ഈ വർഷത്തെ ഏറ്റവും ഉയർന്ന പുലർക്കാല ചൂടാണിത്. രാത്രിയും പകലും ഒരുപോലെ ചുട്ടുപൊള്ളുന്നതോടെ കൊല്ലം, പാലക്കാട്, തൃശൂർ, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഏപ്രിൽ 10വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ മുൻകരുതലെടുക്കണമെന്നും സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.