തിരുവനന്തപുരം: സംസ്ഥാനത്തും പവർകട്ട് വേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായതെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.
പീക്ക് ടൈമിൽ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാൽ പവർകട്ട് ഏർപ്പെടുത്തും. നിലവിൽ 3,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്രത്തോളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുവെന്ന് കെ.എസ്.ഇ.ബി ചെയർമാനും അറിയിച്ചു.
നേരത്തെ താപവൈദ്യുതനിലയങ്ങളിലെ പ്രതിസന്ധി മുന്നിൽകണ്ട് ഗാർഹിക ഉപഭോക്താക്കളോട് വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചിരുന്നു. കൽക്കരിക്ഷാമം മൂലം താപവൈദ്യുതനിലയങ്ങളിൽ നിന്നുള്ള ഉൽപാദനം കുറഞ്ഞതാണ് രാജ്യത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം.
കോവിഡ് പ്രതിസന്ധിയിൽ നിന്നും സമ്പദ്വ്യവസ്ഥ കരകയറുന്നതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചത് കൽക്കരിയുടെ ആവശ്യകത കൂട്ടിയെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം 4 ബില്യൺ യൂണിറ്റായി വർധിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.ഇതിന് പുറമേ കൽക്കരി ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കനത്ത മഴ ഉൽപാദനം വർധിപ്പിക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.