തിരുവനന്തപുരം: സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുസ്ലിം വിദ്യാർഥികൾക്കായി നടപ്പാക്കിയ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കി അപേക്ഷ ക്ഷണിച്ചു. മുസ്ലിം സംഘടനകളുടെ ഒന്നടങ്കമുള്ള എതിർപ്പ് വകവെക്കാതെയാണ് സ്കോളർഷിപ്പുകൾ നേരത്തേയുണ്ടായിരുന്ന 80:20 അനുപാതം മാറ്റി ജനസംഖ്യാനുപാതികമാക്കി മാറ്റിയ ഉത്തരവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്.
പുതുക്കിയ അനുപാതപ്രകാരം നേരത്തേ സ്കോളർഷിപ്പിെൻറ 80 ശതമാനം ലഭിച്ചിരുന്ന മുസ്ലിം വിദ്യാർഥികൾക്ക് ഇൗ വർഷം മുതൽ 59.05 ശതമാനമായിരിക്കും ലഭിക്കുക. നേരത്തേ 20 ശതമാനം ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്ക് ലഭിച്ചിരുന്നത് ഇനിമുതൽ ക്രിസ്ത്യൻ വിഭാഗത്തിന് ഒന്നടങ്കം 40.87 ശതമാനവും ലഭിക്കും.
പോളിടെക്നിക് വിദ്യാർഥികൾക്കുള്ള എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്, നഴ്സിങ്/ പാരാമെഡിക്കൽ വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്, ചാർട്ടേഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ട്സ്/ കമ്പനി സെക്രട്ടറിഷിപ് കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്, െഎ.ടി.െഎകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ഫീ റീ ഇംബേഴ്സ്മെൻറ് പദ്ധതി എന്നിവക്കാണ് പുതുക്കിയ അനുപാതപ്രകാരം ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കിയത്. മറ്റ് സ്കോളർഷിപ്പുകളിലേക്കുള്ള അപേക്ഷ അടുത്ത ദിവസങ്ങളിൽ ക്ഷണിക്കും. സ്കോളർഷിപ്പും ഫീ റീ ഇംബേഴ്സ്മെൻറ് പദ്ധതിയും ജനസംഖ്യാനുപാതികമായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
80:20 അനുപാതത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ കോടതിയെ സമീപിച്ചതോടെയാണ് അനുപാതം റദ്ദാക്കിയതും ജനസംഖ്യാനുപാതികമാക്കാൻ കോടതി ഉത്തരവിട്ടതും. വിധിയെതുടർന്ന് സർവകക്ഷി യോഗം വിളിച്ച സർക്കാർ മൂന്നംഗ സെക്രട്ടറിതല സമിതിയെ വിഷയം പഠിക്കാനായി നിയോഗിച്ചു. സമിതി സമർപ്പിച്ച രണ്ട് നിർദേശങ്ങളിൽ ഒന്ന് അംഗീകരിച്ച സർക്കാർ മുസ്ലിം വിദ്യാർഥികൾക്കായി 2008 മുതൽ നടപ്പാക്കിയ സ്കോളർഷിപ്പുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ജനസംഖ്യാനുപാതികമാക്കി വീതംവെക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞവർഷം മുസ്ലിം വിദ്യാർഥികൾക്ക് ലഭിച്ച സ്കോളർഷിപ്പുകളുടെ എണ്ണത്തിലും തുകയിലും കുറവ് വരുത്താതെയും ക്രിസ്ത്യൻ വിഭാഗത്തിന് പദ്ധതിയുടെ 40.87 ശതമാനം ലഭിക്കാൻ പാകത്തിൽ അധികതുക അനുവദിച്ചുമാണ് സർക്കാർ ഉത്തരവിറങ്ങിയത്.
മുന്നാക്ക സ്കോളർഷിപ്പിന് 17 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഏഴ് സ്കീമുകളിലായി 17 കോടി രൂപയുടെ സ്കോളർഷിപ്പുകൾക്ക് ഭരണാനുമതി നൽകി സർക്കാർ ഉത്തരവ്. ക്രിസ്ത്യൻ വിഭാഗത്തിലെ ഉൾപ്പെടെയുള്ള മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇൗ സ്കോളർഷിപ്പുകളിലേക്കും അപേക്ഷിക്കാം. മുന്നാക്കവിഭാഗ വികസന കോർപറേഷന് കീഴിലാണ് സ്കോളർഷിപ്പുകൾ. മൊത്തം 27398 വിദ്യാർഥികൾക്കായാണ് 2021 -22ൽ 17 കോടിയുടെ സ്കോളർഷിപ്പിന് ഭരണാനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.