കൊച്ചി: കോവിഡിൽ തകർന്ന കേരളത്തിെൻറ വിനോദസഞ്ചാര മേഖലയിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശരാജ്യങ്ങളിൽനിന്നും സന്ദർശകരെ ആകർഷിക്കാൻ 14.21 കോടിയുടെ പ്രചാരണപ്രവർത്തനങ്ങളുമായി വിനോദസഞ്ചാര വകുപ്പ്. സമൂഹമാധ്യമങ്ങളുടെയും മറ്റ് നവസങ്കേതങ്ങളുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പ്രചാരണപരിപാടികൾക്കാണ് രൂപം നൽകിയത്. കോവിഡാനന്തരം സഞ്ചാരികളെ ആകർഷിക്കാനുതകുംവിധം കേരളത്തിെൻറ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സവിശേഷതകളും സുരക്ഷാമികവും വിശദമായി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞവർഷം 45,000 കോടിയിലധികം രൂപയുടെ വരുമാനം നേടിയ വിനോദസഞ്ചാര മേഖല കഴിഞ്ഞ ആറുമാസമായി നിശ്ചലമാണ്. 20,000 കോടിയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്. 15 ലക്ഷം പേർ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലെടുക്കുന്ന ഈ മേഖലയുടെ പുനരുജ്ജീവനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിദേശസഞ്ചാരികളുടെ വരവിന് കാലതാമസം നേരിട്ടേക്കാമെന്നതിനാൽ കേട്ടുപരിചിതമായതും ഇതുവരെ സന്ദർശിക്കാത്തതുമായ സ്ഥലങ്ങളിലേക്ക് കേരളത്തിലുള്ളവരെ ആകർഷിക്കാൻ 82.60 ലക്ഷത്തിെൻറ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ഇത്തരം സ്ഥലങ്ങൾ സന്ദർശിച്ച് കഥകളും വിഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതാണ് പദ്ധതി. വിദേശരാജ്യങ്ങളിലെ ബ്ലോഗർമാരെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ കൊണ്ടുവന്ന് ബ്ലോഗ് എഴുതിക്കുന്ന കേരള ബ്ലോഗ് എക്സ്പ്രസ് പദ്ധതിയാണ് മറ്റൊന്ന്. 88.50 ലക്ഷത്തിെൻറതാണ് പദ്ധതി.
തദ്ദേശീയരായ സഞ്ചാരികളെ ആകർഷിക്കാൻ ദേശീയതലത്തിൽ ടെലിവിഷൻ കാമ്പയിന് 6,16,55,000 രൂപയുടെയും വെബ് പോർട്ടലുകൾ വഴിയുള്ള കാമ്പയിന് 1.18 കോടിയുടെയും രാജ്യത്തിനകത്തുനിന്നുള്ള സഞ്ചാരികളെ ലക്ഷ്യമിട്ട് ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം കാമ്പയിന് 2.36 കോടിയുടെയും എഫ്.എം റോഡിയോകൾ വഴിയുള്ള കാമ്പയിന് 49.56 ലക്ഷത്തിെൻറയും ഫേസ്ബുക്ക് ലൈവ് വിഡിയോ പ്രമോഷന് 59 ലക്ഷത്തിെൻറയും ടെലിവിഷൻ പരിപാടികൾ തയാറാക്കുന്നതിന് 1.41 കോടിയുടെയും തദ്ദേശീയരായ സഞ്ചാരികളെ ആകർഷിക്കൻ ഒ.ടി.ടി പ്ലാറ്റ്ഫോം കാമ്പയിന് 29.50 ലക്ഷത്തിെൻറയും പദ്ധതിയാണ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.