തിരുവനന്തപുരം: വൈസ്ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകാനുള്ള ചാൻസലറായ ഗവർണറുടെ അന്ത്യശാസനം കേരള സർവകലാശാല തള്ളി. ഗവർണർ രൂപവത്കരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റിയിൽ ഒഴിവാക്കിയിട്ടിരിക്കുന്ന സർവകലാശാല സെനറ്റിന്റെ പ്രതിനിധിയെ തിങ്കളാഴ്ച തന്നെ നിർദേശിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ സർവകലാശാലക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഏകപക്ഷീയമായി രണ്ടംഗ സെർച്ച് കമ്മിറ്റി രൂപവത്കരിച്ച നടപടി ചട്ടവിരുദ്ധമാണെന്നും പിൻവലിക്കണമെന്നുമുള്ള മുൻനിലപാട് ആവർത്തിച്ച് സർവകലാശാല തിങ്കളാഴ്ച തന്നെ ഗവർണർക്ക് മറുപടിയും നൽകി.
ഗവർണറുടെ നിർദേശത്തിനിടെ, കേരള സർവകലാശാലയിൽ ചൊവ്വാഴ്ച പ്രത്യേക സിൻഡിക്കേറ്റ് യോഗവും വിളിച്ചിട്ടുണ്ട്. രാജ്ഭവൻ നിർദേശം തള്ളിയതോടെ വി.സി നിയമനത്തിൽ ഗവർണറും സർവകലാശാലയും തമ്മിലുള്ള ഭിന്നത രൂക്ഷമായി. സർവകലാശാല മറുപടി ലഭിച്ചതോടെ, രണ്ടംഗ സെർച്ച് കമ്മിറ്റിയോട് വി.സി നിയമന നടപടികൾ ആരംഭിക്കാൻ രാജ്ഭവൻ നിർദേശം നൽകിയേക്കും.
നിർദേശം പാലിക്കാത്തതിന് കേരള വി.സിക്കെതിരെ രാജ്ഭവൻ നടപടിയിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്തിയും ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തിയുമുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കുകയും ഗവർണറുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർ രൂപവത്കരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി അസാധുവാക്കുന്ന രീതിയിൽ മുൻകാല പ്രാബല്യത്തോടെയാണ് ബിൽ പാസാക്കിയത്.
തിരുവനന്തപുരം: വി.സി നിയമനത്തിനായി ഇതിനകം രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് പിന്നീട് ഒരാളെ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിൽ കേരള സർവകലാശാല. സർവകലാശാല നിയമപ്രകാരം വി.സി നിയമനത്തിനായി മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് രൂപവത്കരിക്കേണ്ടത്. എന്നാൽ, സർവകലാശാല സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട് രണ്ടംഗ കമ്മിറ്റിയാണ് ആഗസ്റ്റ് അഞ്ചിന് ഗവർണർ രൂപവത്കരിച്ചത്.
സെർച്ച് കമ്മിറ്റിയിലേക്ക് പിന്നീട് പ്രതിനിധിയെ ഉൾപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ല. അതിനാൽ രൂപവത്കരിച്ച കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പ്രതിനിധിയെ ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് സർവകലാശാല നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആഗസ്റ്റ് 20ന് സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയതും ഗവർണർക്ക് അയച്ചുനൽകിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.