വൈത്തിരി: തളിപ്പുഴ കുന്നുമ്മൽ ഹംസയുടെ ഭാര്യ സൈനബ കുടുംബശ്രീയിൽ നിന്ന് പാസ്സായ തുക പിൻവലിക്കാനാണ് ബാങ്കിലെത്തിയത്. 50,000 രൂപ പിൻവലിക്കാനുള്ള സ്ലിപ്പ് ബാങ്കിലെ കാഷ്യർക്കു കൊടുത്തു. കൗണ്ടറിൽ നിന്നും കിട്ടിയ കാശ് കയ്യിലുണ്ടായിരുന്ന കവറിലിട്ട് വീട്ടിലെത്തി ഭർത്താവിനെ ഏല്പിച്ചു. എണ്ണിനോക്കിയപ്പോഴാണ് തുക 75,000 ഉണ്ടെന്നു കണ്ടത്.
ഉടനെ രണ്ടുപേരും ബാങ്കിലെത്തി കാഷ്യറെ സമീപിച്ച് കാര്യം അറിയിച്ചു. എന്നാൽ, തങ്ങൾ ആർക്കും കൂടുതൽ തുക നൽകിയിട്ടില്ലെന്ന് കാഷ്യർ. അധികം തുക ലഭിച്ചെന്ന് ഇവർ ആവർത്തിച്ചെങ്കിലും ബാങ്ക് ജീവനക്കാർ പരുഷമായി പറഞ്ഞ് ഇവരെ തിരിച്ചയക്കാൻ ശ്രമിച്ചു.
തുടർന്ന് ഇവർ ബാങ്ക് മാനേജരെ കണ്ടു കാര്യം അറിയിച്ചു. മാനേജർ ബാങ്കിലെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച് വ്യത്യാസമൊന്നുമില്ലെന്ന് അറിയിക്കുകയായിരുന്നു. പണം ഇവരോട് കയ്യിൽ വെക്കാനും ആരെങ്കിലും അവകാശവാദവുമായി വരുമോ എന്ന് നോക്കാമെന്നു അറിയിക്കുകയും ചെയ്തിരിക്കുകയാണ്.
കുടുംബശ്രീയിൽ നിന്നും നിരവധിപേർക്ക് പണം വായ്പയായും മറ്റും പാസ്സാകുന്നുണ്ട്. ഇങ്ങനെയുള്ള ആരുടെയെങ്കിലും പണം തങ്ങൾക്കു നല്കിയതാവാമെന്നാണ് സൈനബയും ഭർത്താവും പറയുന്നത്. അടുത്ത കുടുംബശ്രീ മാസാന്ത യോഗത്തിനുശേഷം കാര്യങ്ങൾ അറിയാനാകുമെന്ന് ഇവർ കരുതുന്നു.
ഏതായാലും തങ്ങൾക്ക് അർഹതപ്പെട്ടതല്ലാത്ത പണം ഉടൻ തന്നെ ബാങ്കിലെത്തിക്കാൻ ഇവർ കാണിച്ച സത്യസന്ധതയെ കാര്യമറിഞ്ഞവരെല്ലാം അഭിനന്ദിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.