കേരളത്തിന്‍റെ കടം 3,27,655 കോടിയിൽനിന്ന് 3,71,692 കോടിയായി ഉയരും

കോട്ടയം: സംസ്ഥാനത്തിന്‍റെ കടവും നികുതി വരുമാനവും സംബന്ധിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിഗമനങ്ങൾ അടിമുടി തെറ്റിയെന്ന് ബജറ്റ് കണക്കുകൾ. 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തിന്‍റെ കടം 3,27,655 കോടിയായിരിക്കുമെന്നാണ് മുൻ ധനമന്ത്രി തോമസ് ഐസക് കണക്കുകൂട്ടിയിരുന്നത്. എന്നാൽ, 2022 മാർച്ചിൽ കടം 3,33,592 കോടിയായി ഉയർന്നു. പുതിയ ബജറ്റിലെ കണക്കുകൾ പ്രകാരം 2022-23 സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ കടം 3,71,692 കോടിയായി ഉയരുകയും ചെയ്യും. സംസ്ഥാന ഭരണത്തിനായി രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്രയും വലിയ കടബാധ്യതയുണ്ടാക്കിയിട്ടില്ല. ശമ്പളവും പെൻഷനും നൽകാൻ മറ്റുവഴികൾ കാണാത്ത സാഹചര്യത്തിലാണ് കടമെടുപ്പ് പെരുകുന്നത്. സംസ്ഥാന നികുതിയായി 70,961.2 കോടി രൂപ ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറ്റൊരു പ്രതീക്ഷ. എന്നാൽ, കിട്ടിയതാകട്ടെ 47,314.07 കോടി മാത്രം. ഇല്ലാതായത് 23,647 കോടി രൂപയാണെന്ന് പുതിയ ബജറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഉയർന്ന നികുതി വരുമാനം പ്രതീക്ഷിച്ച് നടപ്പാക്കിയ ശമ്പളവർധനയും പെൻഷൻ വർധനയും പുതിയ സർക്കാറിന് വലിയ ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. 15,430 കോടി രൂപയാണ് ശമ്പളത്തിനും പെൻഷനുമായി രണ്ടാം പിണറായി സർക്കാറിന് അധികമായി ചെലവഴിക്കേണ്ടിവരുന്നത്. ഒന്നാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റിൽ സംസ്ഥാന നികുതിവരുമാനം കുറയുമെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും വിൽപന നികുതിയിലും ജി.എസ്.ടിയിലും വൻ വർധനവുണ്ടാകുമെന്നും ഐസക് പ്രവചിച്ചിരുന്നു.

2020-21ൽ 16,998 കോടിയായിരുന്ന വിൽപന നികുതി 2021-22 ൽ 24,039 കോടിയായി ഉയരുമെന്നും ബജറ്റിൽ എഴുതി. ഒറ്റവർഷം കൊണ്ട് ജി.എസ്.ടി നികുതി വരുമാനം 94 ശതമാനം കൂടുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. 18,999 കോടി രൂപയിൽനിന്ന് 36,922 കോടിയായി ജി.എസ്.ടി വർധിക്കും എന്നായിരുന്നു പ്രതീക്ഷ. ആസൂത്രണ ബോർഡും ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയും നികുതി വരുമാനത്തെപ്പറ്റിയും വിദഗ്ധപഠനം നടത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷമെങ്കിലും സംസ്ഥാന നികുതി വരുമാനത്തിൽ കാതലായ കുറവുണ്ടാകുമെന്നായിരുന്നു വിദഗ്ധ പഠനങ്ങൾ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യങ്ങൾ അവഗണിച്ചാണ് മുൻ ധനമന്ത്രി സംസ്ഥാനത്തിന്‍റെ വരവും ചെലവും കണക്കാക്കിയത്. 

Tags:    
News Summary - Kerala's debt will increase from Rs 3,27,655 crore to Rs 3,71,692 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.