ന്യൂഡൽഹി: കേരളത്തിൽ വയോജനങ്ങളുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്. 2021-2036 കാലഘട്ടത്തിൽ കേരളത്തിലെ യുവജനങ്ങളുടെ എണ്ണത്തിൽ നിലവിലുള്ളതിനേക്കാൾ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻറ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയം പുറത്തു വിട്ട 'ഇന്ത്യൻ യുവത 2022' റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിച്ചത്.
കേരളത്തിൽ നേരത്തെ 16.5 ശതമാനം വയോജനങ്ങളും 22.1 യുവജനങ്ങളുമായിരുന്നു. എന്നാൽ 2036 ആകുമ്പോഴേക്കും വയോജനങ്ങളുടെ എണ്ണം (22.8%) യുവജനങ്ങളുടെ എണ്ണത്തെ (19.2%) മറികടക്കും. അതിനാൽ കൂടുതൽ ആരോഗ്യ സംരക്ഷണ പരിപാടികളും ക്ഷേമ പ്രവർത്തനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2021ൽ സംസ്ഥാനത്തെ ജനസംഖ്യയിൽ 22.1 ശതമാനം യുവജനങ്ങളാണ് കേരളത്തിലുള്ളത്. പത്തു വർഷം കഴിയുമ്പോൾ 2031ൽ 20 ശതമാനമാകും. എന്നാൽ 2036 ൽ 19.2 ശതമാനം മാത്രമാണ് കേരളത്തിൽ യുവജനങ്ങൾ ഉണ്ടാവുക.
കേരളം കൂടാതെ തമിഴ്നാട്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും യുവജനങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുകയും വയോജനങ്ങളുടെ എണ്ണം വർധിക്കുകയുമാണ് ചെയ്യുന്നത്.
ബിഹാറിലും ഉത്തർ പ്രദേശിലും 2021 വരെ യുവാക്കളുടെ എണ്ണം വർധിച്ചിരുന്നു. എന്നാൽ അതിനു ശേഷം കുറയുന്നതാണ് കാണുന്നത്. ബിഹാർ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയുടെ യുവജനങ്ങളിൽ 52 ശതമാനവും ഉള്ളത്. ഇന്ത്യയിൽ 2021ൽ 15-29 വയസിനിടയിലുള്ളവർ 27.2 ശതമാനമായിരുന്നെങ്കിൽ അത് 2036ൽ 22.7 ശതമാനമായി കുറയും.
1991ൽ ആകെ യുവജനസംഖ്യ 222.7 ദശലക്ഷം ആയിരുന്നു. 2011ൽ അത് 333.4 ദശലക്ഷമായി . 2021ൽ 371.4 ദശലക്ഷം ആയ ജനസംഖ്യ 2036ൽ 345.5 ദശലക്ഷമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.