തിരുവനന്തപുരം: കേരളം കണ്ടിട്ടില്ലാത്തതരം മഹാ സർഗോത്സവമാണ് കേരളീയത്തിൽ അരങ്ങേറുകയെന്ന് മന്ത്രി സജി ചെറിയാൻ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ പരിപാടികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ കേരളം ആർജിച്ച നേട്ടങ്ങൾ സർഗസന്ധ്യകളായി ആവിഷ്കരിക്കും. പ്രവേശനം സൗജന്യമാണ്. നാലു പ്രധാന വേദികൾ, രണ്ടു നാടകവേദികൾ, 12 ഉപവേദികൾ, 11 തെരുവുവേദികൾ, സാൽവേഷൻ ആർമി സ്കൂൾ മൈതാനം എന്നിങ്ങനെ 30 ഇടങ്ങളിലാണ് മഹോത്സവം നടക്കുക. സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി, ടാഗോർ തിയറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് പ്രധാന വേദികൾ. സെനറ്റ് ഹാളിൽ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങിൽ കുട്ടികളുടെ നാടകോത്സവവും നടക്കും.
വിവേകാനന്ദ പാർക്ക്, കെൽട്രോൺ കോമ്പൗണ്ട്, ടാഗോർ ഓപൺ എയർ ഓഡിറ്റോറിയം, ഭാരത് ഭവൻ, വിമൺസ് കോളജ്, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഹാൾ, സൂര്യകാന്തി, മ്യൂസിയം റേഡിയോ പാർക്ക്, എസ്.എം.വി സ്കൂൾ, യൂനിവേഴ്സിറ്റി കോളജ്, ഗാന്ധി പാർക്ക് എന്നിവയാകും ഉപവേദികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴുദിവസവും മറ്റു വേദികളിൽ നവംബർ ഒന്നുമുതൽ ആറുവരെയുമാണ് കലാസന്ധ്യകൾ നടക്കുക. കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, വകുപ്പ് ഡയറക്ടർ മായ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.