ഒരുവർഷത്തെ മോറട്ടോറിയം, കാലാവധി അഞ്ചുവർഷം; വിമുക്ത ഭടൻമാർക്ക് സംരംഭക വായ്‌പയുമായി കെ.എഫ്‌.സി

തിരുവനന്തപുരം: വിമുക്ത സൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി രണ്ടു കോടി രൂപവരെയാണ്‌ വായ്‌പ അനുവദിക്കുന്നത്‌. ഇത്‌ അഞ്ചു ശതമാനം പലിശ ഇളവ്‌ ലഭിക്കും.

സംരംഭകൻ ആറു ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും. ഈ പദ്ധതിക്കായി 50 കോടി രൂപ കെ.എഫ്‌.സിയിൽ നിന്നു വകയിരുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി (സി.എം.ഇ.ഡി.പി)യുടെ ഭാഗമായാണ് സി.എം.ഇ.ഡി.പി- എക്സ് സർവീസ് മെൻ സ്കീം എന്ന പേരിൽ വായ്‌പാ പദ്ധതി നടപ്പാക്കുന്നത്‌. ഒരുവർഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.

പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. 11 ശതമാനം പലിശ നിരക്ക്‌ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, മൂന്ന്‌ ശതമാനം സർക്കാർ സബ്സിഡി അനുവദിക്കും. രണ്ട്‌ ശതമാനം കെ.എഫ്.സി പലിശ റിബേറ്റും ലഭിക്കും. ബാക്കി ആറു ശതമാനം മാത്രമാണ്‌ സംരംഭകൻ നൽകേണ്ടത്‌.

എം.എസ്.എം.ഇ ഉദയം രജിസ്ട്രേഷൻ ഉറപ്പാക്കുന്ന സംരംഭങ്ങൾക്കായിരിക്കും വായ്പ ലഭ്യമാകുക. അപേക്ഷകർ വിമുക്ത സൈനികർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ നിന്നു നൽകുന്ന തിരിച്ചറിയൽ കാർഡും ജില്ലാ സൈനികക്ഷേമ ഓഫിസ് നൽകുന്ന കത്തും ഹാജരാക്കണം. ഈ സാമ്പത്തികവർഷം 50 എം.എസ്.എം.ഇകൾക്ക് എങ്കിലും വായ്പ ലഭ്യമാക്കാനാണ് കെ.എഫ്‌.സി ലക്ഷ്യമിടുന്നത്. താൽപര്യമുള്ളവർക്ക്‌ www.kfc.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Tags:    
News Summary - KFC Entrepreneur loan for Ex Servicemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.