തിരുവനന്തപുരം: പണമില്ലാതെ പ്രതിസന്ധിയിലായ ‘കനിവ് 108 ആംബുലൻസ്’ സർവിസിന് അടിയന്തര സഹായം സർക്കാർ നൽകിയെങ്കിലും തുക അപര്യാപ്തമായതിനാൽ ശമ്പളവിതരണം നടന്നില്ല. 90 കോടിയോളം രൂപയുടെ വലിയബാധ്യതയിലാണ് കമ്പനി. ലഭിച്ച തുക അപര്യാപ്തമായതിനാൽ ശമ്പളവിതരണം നടത്താൻ കഴിയില്ലെന്നും കരാർ കമ്പനി അറിയിച്ചു. ഇതോടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് കരാർ കമ്പനി നിയമപരമായി നടപടികൾ ആരംഭിച്ചതായും അറിയുന്നു.
ഇതോടെ 1400 ഓളം ജീവനക്കാരുടെ തൊഴിലും ത്രിശങ്കുവിലായി. കഴിഞ്ഞ ദിവസമാണ് കരാർ കമ്പനിക്ക് അടിയന്തര സാമ്പത്തികസഹായമായി 10 കോടിരൂപ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ അനുവദിച്ചത്. എന്നാൽ 90 കോടി രൂപയോളം കുടിശ്ശിക തുടരുന്നതിനാൽ തുക അപര്യാപ്തമാണെന്ന നിലപാടിലാണ് കമ്പനി. ഡിസംബർ മുതൽ നൽകിയ ബിൽ തുകയിൽ കുടിശ്ശിക വന്നതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കഴിയുന്നില്ല. സർക്കാറിൽനിന്ന് ലഭിച്ച തുക മാസങ്ങളായി മുടങ്ങിയ ആംബുലൻസുകളുടെ വായ്പത്തുക, ഇന്ധന കുടിശ്ശിക, അറ്റകുറ്റപ്പണികളുടെ കുടിശ്ശിക, ഓക്സിജൻ, മരുന്നുകൾ വാങ്ങിയതിലെ കുടിശ്ശിക ഉൾപ്പടെ തീർക്കാനേ തികയൂ.
സംസ്ഥാന സർക്കാറിന്റെ 60 ശതമാനം വിഹിതം ലഭ്യമാക്കുന്നതിന് ധനകാര്യവകുപ്പിന്റെ അനുമതിക്കുള്ള കാലതാമസമാണ് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം.
2024-25 സാമ്പത്തികവർഷത്തിൽ സംസ്ഥാന സർക്കാർ നൽകേണ്ട 70 കോടിയിലേറെ രൂപയുടെ വിഹിതം ഇതുവരെയും കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ നൽകിയിട്ടില്ല. ദേശീയ ആരോഗ്യദൗത്യത്തിന്റെ 40 ശതമാനം വിഹിതം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതും പദ്ധതി നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പദ്ധതിയിൽനിന്ന് പിന്മാറുന്നതിന് കരാർകമ്പനി നിയമപരമായ നടപടികൾ ആരംഭിച്ചതത്രേ. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെയും കമ്പനിയിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനക്കാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. ഉടനടി സർക്കാർ ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി യൂനിയനുകളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.