തിരുവനന്തപുരം: ബസുകളുടെ അലക്ഷ്യമായ സഞ്ചാരവും അമിതവേഗവും കിഴക്കേകോട്ടയെ അപകടമേഖലയാക്കുന്നു. വെള്ളിയാഴ്ച ബാങ്ക് ജീവനക്കാരൻ ദാരുണമായി മരിച്ചതാണ് ഒടുവിലത്തെ സംഭവം. കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ തമ്മിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ‘ഉരസലുകൾ’ പതിവായി നടക്കുന്ന മേഖലകൂടിയാണിത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇൗ ഭാഗത്ത് കൂടുതൽ പൊലീസുകാരെ മുഴുവൻസമയവും ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണ്. സിഗ്നലുകൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെയും അനുവദനീയമല്ലാത്ത ഭാഗങ്ങളിലെ ‘യൂടേണി’നെതിരെയും പൊലീസ് നടപടിയില്ല.
കിഴക്കേകോട്ടയിലെ കെ.എസ്.ആർ.ടി.സിയുടെ നോർത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ തോന്നുംപടി നിർത്തുന്നതുമൂലം വാഹനയാത്ര ദുഷ്കരമാകുന്നതിനൊപ്പം ഗതാഗതക്കുരുക്കും വർധിക്കുന്നു. ബസ് ബേക്കുള്ള വീതിമാത്രമുള്ള ഇവിടെ ഒട്ടുമിക്ക സിറ്റി സർവിസുകളും എത്തുന്നുണ്ട്. സ്റ്റാൻഡിന് ഉൾക്കൊള്ളാവുന്നതിലധികം ബസുകൾ എത്തുന്നതോടെ റോഡിൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത സ്ഥിതിയുണ്ടാവുന്നു.
ഇതിനുപുറമേ നോർത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്വകാര്യ ബസുകളും ഒരു നിയന്ത്രണവുമില്ലാതെ നിർത്തിയിടുന്നതോടെ കിഴക്കേകോട്ട വഴിയുള്ള ഓട്ടോകളും കാറുകളുമടക്കം മറ്റ് വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുന്നു. കാൽനടയാത്രികർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനാവുന്നില്ല.
നോർത്ത് ബസ്സ്റ്റാൻഡിൽ തിരക്കുള്ള സമയങ്ങളിൽ പോലും അപൂർവമായാണ് പൊലീസുകാർ ഡ്യൂട്ടിക്കെത്തുക. ബസുകളുടെ പാർക്കിങ്സമയം നിയന്ത്രിച്ച് ഗതാഗതം സുഗമമാക്കാനും പൊലീസ് സന്നദ്ധമല്ല. ബസുകൾ തോന്നുംപടി നിർത്തിയിടുന്നതുമൂലം അട്ടക്കുളങ്ങര ഭാഗത്തുനിന്ന് ഓവർബ്രിഡ്ജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഏറെ നേരം കുരുക്കിൽപെടുന്നു. ഈ ഭാഗത്ത് സിഗ്നൽ ലൈറ്റുകൾ അവഗണിച്ച് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ മുന്നോട്ടെടുക്കുന്നതാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയാവുന്നത്. ഇവിടെ മുഴുവൻ സമയവും ഒന്നിലധികം പൊലീസുകാരെ നിയോഗിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമീഷണർക്കടക്കം ലഭിച്ച പരാതികളിലും നടപടി അകലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.