പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിൽ ഭക്ഷണമുൾപ്പടെ സകലതിനും നിരക്ക് കൂട്ടി കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി). 10 രൂപയായിരുന്ന പ്രവേശനഫീസ് 20 രൂപയാക്കി. 160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് 200 രൂപയും 100 രൂപയായിരുന്ന വെജിറ്റേറിയൻ ഭക്ഷണത്തിന് ഇനി 150 രൂപയും നൽകണം. അരമണിക്കൂർ മാത്രമുള്ള ബോട്ടിങ്ങിലും കാര്യമായ വർധന വരുത്തിയിട്ടുണ്ട്. 100 രൂപയിൽനിന്ന് 150 ആക്കിയാണ് ഉയർത്തിയത്.
കെ.എഫ്.ഡി.സിയുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി ഗവി ടൂർ പാക്കേജ് നടത്തുന്നത്. നിലവിൽ പത്തനംതിട്ടയിൽനിന്ന് പുറപ്പെടുന്ന യാത്രക്ക് പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് എന്നിവ ഉൾപ്പെടെ 1300 രൂപയാണ് യാത്രക്കാരിൽനിന്ന് വാങ്ങുന്നത്. കെ.എഫ്.ഡി.സി. നിരക്ക് വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തേണ്ട ഗതികേടിലാണ് കെ.എസ്.ആർ.ടി.സി. ഇത് ടൂറിസം പദ്ധതിയെ പ്രതിസന്ധിയിലാക്കുമെന്നും അധികൃതർ പറയുന്നു.
കെ.എഫ്.ഡി.സിയുടെ കീഴിലുള്ള എക്കോ ടൂറിസം കമ്മിറ്റിയാണ് നിരക്കിൽ വർധന വരുത്തിയത്. വർധനവിന് പിന്നിൽ എക്കോ ടൂറിസം കമ്മിറ്റിയിലുൾപ്പെട്ട ചില സ്വകാര്യ ടൂർ ഓപ്പറേറ്റർമാരാണെന്നാണ് കെ.എസ്.ആർ.ടി.സിയിലെ ചിലരുടെ ആരോപണം. കെ.എസ്.ആർ.ടി.സി വിനോദയാത്രയോടെ ഗവിയിലേക്ക് വരുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇത് കെ.എഫ്.ഡി.സിയുടെ വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടാക്കിയത്. മുമ്പ് പാക്കേജിന് തുച്ഛമായ തുക ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിമാസം 30 ലക്ഷത്തിലധികമാണ് കെ.എഫ്.ഡി.സിക്ക് കിട്ടുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും വില വർധന വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.