പരപ്പനങ്ങാടി: കൊടിയ മനുഷ്യാവകാശ നിഷേധത്തിന്റെയും തൊഴിലവകാശ ധ്വംസനത്തിന്റെയും കരളലിയിക്കുന്ന കാഴ്ചകളുമായി പരപ്പനങ്ങാടി നെടുവ പൂവത്താൻ കുന്നിലെ ഖാദി വ്യവസായ കേന്ദ്രം നാലു പതിറ്റാണ്ട് പിന്നിടുന്നു. ഇവിടെ വർഷങ്ങളായി ചർക്കയിൽനിന്ന് നൂലെടുത്തും കൈത്തറി തുണികൾ നെയ്തും പണിയെടുക്കുന്ന കുടുംബിനിമാരുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. രാവിലെ മുതൽ വൈകീട്ടു വരെ ജോലി ചെയ്ത് കിട്ടുന്ന വേതനമാകട്ടെ 50 രൂപ പോലും തികയില്ല. ഈ ഞെട്ടിക്കുന്ന വസ്തുത കേൾക്കാനാകട്ടെ തൊഴിലാളി സർക്കാറിനോ, തൊഴിലാളി സംഘടനകൾക്കോ കാതില്ല. ഇപ്പോൾ വല്ലാണ്ടില്ലെങ്കിലും മുമ്പ് ഞങ്ങളുടെ സങ്കടം സമരങ്ങളായി കലക്ടറേറ്റിന് മുന്നിൽ ഞങ്ങളുടെ സംഘടനയായ സി.ഐ.ടി.യുവിന് കീഴിൽ നടക്കാറുണ്ടായിരുന്നെങ്കിലും അതകൊണ്ടൊന്നും കാര്യമില്ലെന്ന് മനസ്സിലായി -പ്രതീക്ഷയറ്റ തൊഴിലാളികൾ കണ്ണു തുടച്ചു.
1982ൽ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹ ഉദ്ഘാടനം ചെയ്ത ഖാദി കേന്ദ്രത്തിൽ എഴുപതോളം തൊഴിലാളികളുണ്ടായിരുന്നത് ഇപ്പോൾ 11ൽ എത്തി. മലപ്പുറം കോട്ടപ്പടി ഖാദി കേന്ദ്രത്തിന് കീഴിലാണ് പരപ്പനങ്ങാടി കേന്ദ്രം പ്രവർത്തിക്കുന്നത്.
മലപ്പുറം കേന്ദ്രത്തിൽനിന്നെത്തുന്ന പഞ്ഞിക്കെട്ടുകൾ ചർക്കയിലിട്ട് നൂലാക്കിമാറ്റി ഇവ മറ്റു കേന്ദ്രങ്ങളിൽ കൊണ്ടുപോയി കളർ മുക്കി വീണ്ടും പരപ്പനങ്ങാടി കേന്ദ്രത്തിലെത്തും. അവ തൊഴിലാളികൾ വെള്ളം നിറച്ചുവെച്ച ടാങ്കിലിട്ട് ചവിട്ടി മെതിച്ച ശേഷം വെയിലിൽ ഉണക്കിയെടുക്കണം. പിന്നീട് നൂലുകൾ നൂറോളം വരുന്ന ചെറിയ റോളുകളിൽ ചുറ്റിവെച്ച് അവ പ്രത്യേക താളത്തിൽ കൈത്തറിയുടെ മരത്തറിയിലേക്ക് പാകപ്പെടുത്തി തുണി നെയ്തെടുക്കണം. കണ്ണും മനസ്സും താളക്രമം തെറ്റാതെ അധ്വാനിക്കുന്ന ഈ തൊഴിലിന്റെ ശാരീരിക മാനസിക അധ്വാനം ഏറെ വലുതാണ്. നിശ്ചിത ദിവസം പിന്നിട്ടാൽ താൽക്കാലിക തൊഴിലാളികളെ സ്ഥിരമാക്കണമെന്ന നിയമം നിലനിൽക്കുന്ന, തൊഴിലാളിപക്ഷ സർക്കാർ നാട് ഭരിക്കുന്ന സംസ്ഥാനത്താണ് 41 വർഷമായി ഈ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പി. തങ്കമണി ഉൾപ്പെടെയുള്ളവർ ഇന്നും ഒരു നേരത്തേ ഭക്ഷണത്തിനുള്ള കാശുപോലും ലഭിക്കാതെ ചൂഷണം ചെയ്യപ്പെടുന്നത്.
ഖാദി കേന്ദ്രം അവഗണനയുടെ കൂരമ്പുകളേറ്റ് ദയാവധം കാത്തുകിടക്കുകയാണ്. ഉപകരണങ്ങൾ പലതും കേടുവന്നിട്ട് കാലങ്ങളായി. പരാതികളെല്ലാം അധികാരികളുടെ ബധിര കർണങ്ങളിലാണ് ചെന്നു പതിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. കൈത്തറി കേന്ദ്രത്തിൽ നിർമിച്ച കിണർ ഉപയോഗ ശൂന്യമായി നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഖാദി ബോർഡും സംസ്ഥാന സർക്കാറും ജില്ല ഭരണകൂടവും പ്രാദേശിക ഭരണകൂടവും ആർക്കുവേണ്ടിയാണ് കണ്ണടക്കുന്നത്. തൊഴിലാളി സംഘടനകളും വനിത കൂട്ടായ്മകളും മനുഷ്യാവകാശ സംഘടനകളും എന്തുകൊണ്ടാണ് ജീവനറ്റു കിടക്കുന്നത്. മുൻ വർഷങ്ങളിൽ ഓണത്തിന് കിട്ടിയിരുന്ന ബോണസിനെക്കുറിച്ചും ഇത്തവണ ഒന്നും കേൾക്കുന്നില്ലെന്നും പട്ടിണിയുടെ നൂലിഴകൾ ചേർത്തിണക്കാൻ പഠിച്ച ഞങ്ങൾക്ക് അതും ഒരു വലിയ കാര്യമല്ലെന്നും തങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.