ആലുവ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും തട്ടിക്കൊണ്ടുപോകൽ. ഞായറാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനുമിടയിൽവെച്ച് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. രണ്ടുദിവസം മുമ്പ് റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് മറ്റൊരാളെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇയാളെ പിന്നീട് കണ്ടെത്തി. ഞായറാഴ്ച രാവിലെ ഏഴോടെയാണ് രണ്ടാമത്തെ തട്ടിക്കൊണ്ടുപോകൽ. റോഡരികിൽ അരമണിക്കൂറോളം നിർത്തിയിട്ട ഇന്നോവ കാറിൽ സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ചുകയറ്റിയത്.
സംഭവം കണ്ട ഓട്ടോറിക്ഷാ ഡ്രൈവർമാർ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. ഒരാളെ ബലമായി തള്ളിക്കയറ്റുന്നതാണ് ഓട്ടോ തൊഴിലാളികൾ കണ്ടത്. ആറരയോടെ ഒരു കാർ ടാക്സി സ്റ്റാൻഡിൽ നിർത്തിയിട്ടു. അവിടെ നിർത്താൻ പാടില്ലെന്ന് പറഞ്ഞപ്പോൾ വാഹനം മാറ്റിനിർത്തിയെന്നാണ് സംഭവം കണ്ട ഓട്ടോ ഡ്രൈവർ പറയുന്നത്. കുറച്ചുകഴിഞ്ഞപ്പോൾ ബഹളം കേട്ടു. പിന്നീട് ഒരാളെ തള്ളിക്കയറ്റിപ്പോകുന്നത് കണ്ടുവെന്നും ഡ്രൈവർ പറയുന്നു.
ചുവപ്പ് നിറമുള്ള ഇന്നോവയിലാണ് സംഘം വന്നതെന്നും നാലുപേരുണ്ടായിരുന്നുവെന്നും അറിയുന്നു. സമീപത്തെ ഹോട്ടലിൽനിന്ന് പൊലീസിന് ചില സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി. കാറിന്റെ നമ്പർ വ്യാജമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വ്യാഴാഴ്ച പുലർച്ച മൂന്നുമണിയോടെ ട്രെയിനിൽവന്ന് പുറത്തേക്കിറങ്ങിയ കരുനാഗപ്പള്ളി സ്വദേശിയെ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ബലമായി പിടിച്ചുകയറ്റി എറണാകുളം ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പൊലീസിനെ വിവരമറിയിച്ചത്.
ഉടൻ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ സിഗ്നലിനനുസരിച്ച് പിന്തുടർന്ന് കൊല്ലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതാണെന്നാണ് ആലുവ പൊലീസിന് മൊഴി നൽകിയത്. മർദിച്ചശേഷം ഫോണും പഴ്സും തട്ടിയെടുത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞതായാണ് അറിയുന്നത്. ഇയാൾ സ്വർണക്കടത്ത് സംഘത്തിൽപെട്ടയാളാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
സ്വർണം തട്ടിയെടുത്തശേഷം സംഘം ഉപേക്ഷിച്ചതാകാമെന്നും പൊലീസ് കരുതുന്നു. അതിനാൽ തന്നെ ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സ്വർണക്കടത്തോ കുഴൽപ്പണ ഇടപാടോ പുതിയ തട്ടിക്കൊണ്ടുപോകലിന് പിന്നിലും ഉള്ളതായി സംശയിക്കുന്നു. കാലങ്ങളായി മയക്കുമരുന്ന് കടത്തിന് കുപ്രസിദ്ധമാണ് ആലുവ റെയിൽവേ സ്റ്റേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.