കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊട്ടാരക്കര: ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പ്രതികളെയും കൊട്ടാരക്കര ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ് കോടതി രണ്ടാം ബെഞ്ചിലെ മജിസ്‌ട്രേറ്റ് എസ്‌. സൂരജ് ഏഴ് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഒന്നാംപ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), രണ്ടാംപ്രതി ഭാര്യ എം.ആർ. അനിതകുമാരി (45), മൂന്നാംപ്രതി മകൾ പി. അനുപമ (20) എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 11ഓടെയാണ് മൂന്നുപേരെയും കോടതിയിലെത്തിച്ചത്. കോടതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. പൊലീസ് വലയം സൃഷ്ടിച്ചാണ് മൂവരെയും കോടതിക്കുള്ളിൽ കയറ്റാൻ ശ്രമിച്ചത്. മാധ്യമപ്രവർത്തകർ പ്രതികളുടെ ഫോട്ടോകൾ എടുക്കാൻ ശ്രമിച്ചപ്പോൾ നേരിയ തോതിൽ ഉന്തുംതള്ളുമുണ്ടായി. പ്രതികൾക്കുവേണ്ടി ഒന്നിലധികം അഭിഭാഷകർ ഹാജരായതും ബഹളത്തിനു കാരണമായി.

തെളിവ് ശേഖരണത്തിനും മറ്റും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌.പി എം.എം. ജോസിന്‍റെ അപേക്ഷ പ്രതിഭാഗം എതിർത്തു. തെളിവുകൾ നേരത്തേ ശേഖരിച്ചെന്നാണ് പ്രതിഭാഗം വാദിച്ചത്. കോടതി ഇത് അംഗീകരിച്ചില്ല. 20 മിനിറ്റ് നീണ്ട കോടതി നടപടികൾക്കുശേഷം തിരിച്ചിറങ്ങിയപ്പോൾ തിരക്കുമൂലം പ്രതികളെ വാഹനത്തിൽ കയറ്റാൻ കഴിയാത്ത അവസ്ഥയുണ്ടായി. പൊലീസ് ബന്തവസ്സിലാണ് ഇവരെ വാഹനത്തിൽ കയറ്റിയത്.

പ്രതികളെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തു. ഓയൂർ ഓട്ടുമല, പ്രതികൾ കുട്ടിയെ പാർപ്പിച്ച വീട്, ഫോൺവിളിച്ച കട, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം, ഒളിവിൽ കഴിഞ്ഞ തെങ്കാശി എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലായി തെളിവെടുപ്പുണ്ടാകുമെന്ന് ഡിവൈ.എസ്.പി എം.എം. ജോസ് പറഞ്ഞു.

Tags:    
News Summary - Kidnapping case; The accused in crime branch custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.