തിരുവനന്തപുരം: ആനക്കാംപൊയിൽ-കല്ലാടി-മേപ്പാടി ടണൽ റോഡ് അടക്കം 44 പുതിയ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. 6943.37 കോടി രൂപയാണ് ഇവക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ കിഫ്ബിയുടെ ആകെ പദ്ധതികൾ 962 എണ്ണമായും ചെലവിടുന്ന തുക 70762.05 കോടിയുമായി ഉയർന്നുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യവകുപ്പിന് കീഴിൽ 392.14 കോടിയുടെ ഏഴ് പദ്ധതികൾ, വെസ്റ്റ്കേസ്റ്റ് കനാൽ വിപുലീകരണത്തിന് 915.84 കോടിയുടെ മൂന്ന് പദ്ധതികൾ, കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റിയുടെ സ്ഥലമെടുപ്പിന് 850 കോടി രൂപയുടെ പദ്ധതി, ആയുഷ് വകുപ്പിന് കീഴിൽ ഐ.ആർ.ഐ.എയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിന് 114 കോടിയുടെ പദ്ധതി എന്നിവക്ക് അനുമതി നൽകി.
ആനക്കാംപൊയിൽ -കല്ലാടി-മേപ്പാടി ടണൽ റോഡ് (വയനാട്) നിർമാണത്തിന് 2134.50 കോടി രൂപയാണ് നീക്കിവെച്ചത്. മാഹി-വളപട്ടണം, കോവളം-ആക്കുളം, നീലേശ്വരം-ബേക്കൽ എന്നീ ഭാഗങ്ങളുടെ വിപുലീകരണത്തിനും പണം അനുവദിച്ചു. ആലുവ -മൂന്നാർ റോഡ് നവീകരണത്തിന് സ്ഥലമേറ്റെടുക്കാൻ 653.06 കോടി, തിരുവനന്തപുരം കിഴക്കേകോട്ട-മണക്കാട് മേൽപാലത്തിന് സ്ഥലമേറ്റെടുപ്പിന് 95.28 കോടി, പേരൂർക്കട മേൽപാല നിർമാണത്തിന് 50.67 കോടി, മലയോര ഹൈവേയിൽ ചെറങ്ങനാൽ-നേരിയമംഗലം ഭാഗം നവീകരണത്തിന് 65.57 കോടി, ആലപ്പുഴ ജില്ലയിലെ ഒറ്റമശ്ശേരി, കാട്ടൂർ, പൊള്ളത്തായി, കക്കാഴം, നെല്ലാണിക്കൽ എന്നിവിടങ്ങളിലെ പുലിമുട്ട് നിർമാണത്തിനും തീരദേശ സംരക്ഷണത്തിനുമായി 78.34 കോടി, കാസർകോട് ഗവ. മെഡിക്കൽ കോളജ് വികസനത്തിന് 31.70 കോടി, കോഴഞ്ചേരി ജില്ല ആശുപത്രി വികസനത്തിന് 30.35 കോടി, റാന്നി താലൂക്കാശുപത്രി വികസനത്തിന് 15.60 കോടി എന്നിങ്ങനെയും തുക അനുവദിച്ചു.
തിരുവനന്തപുരം: 17 ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി ഇതുവരെ 14088.06 കോടി രൂപ വായ്പയെടുത്തതായി കിഫ്ബി. വായ്പാതുകയായ 11233.45 കോടി ലഭ്യമായതിൽ 363.08 കോടി രൂപ തിരിച്ചടച്ചു. നബാർഡ് -565 കോടി, എസ്.ബി.ഐ -1000 കോടി, ഇന്ത്യൻ ബാങ്ക് -500 കോടി, യൂനിയൻ ബാങ്ക് -500 കോടി, മസാല ബോണ്ട്- 2500 കോടി, സിൻഡിക്കേറ്റ് ബാങ്ക് -200 കോടി, കോർപറേഷൻ ബാങ്ക് -250 കോടി, കെ.എസ്.എഫ്.ഇ ബോണ്ട് -610.24 കോടി, പ്രവാസി ഡിവിഡന്റ് സ്കീം- 282.82 കോടി, നബാർഡ് -എൻ.ഐ.ഡി.എ -1061.73 കോടി, ആർ.ഇ.സി ലിമിറ്റഡ് -2268.27 കോടി, ബാങ്ക് ഓഫ് ബറോഡ- 750 കോടി, ഇന്ത്യൻ ബാങ്ക്- 500 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്ര -1000 കോടി, ബാങ്ക് ഓഫ് ബറോഡ (2) -1250 കോടി, ബാങ്ക് ഓഫ് ഇന്ത്യ -700 കോടി, കാനറാ ബാങ്ക്- 500 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ഇതിൽ നബാർഡ്- 120 കോടി, എസ്.ബി.ഐ- 125.18 കോടി, ഇന്ത്യൻ ബാങ്ക്- 50.50 കോടി, യൂനിയൻ ബാങ്ക്- 62.50 കോടി, സിൻഡിക്കേറ്റ് ബാങ്ക് -5 കോടി എന്നിങ്ങനെ തിരിച്ചടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.