കിഫ്‌ബി മസാല ബോണ്ട്‌ കൂട്ടായെടുത്ത തീരുമാനം, തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് തോമസ് ഐസക്

കൊച്ചി: കിഫ്ബിയുടെ മസാല ബോണ്ടിൽ മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണ് തീരുമാനമെടുത്തതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നൽകിയ മറുപടിയിൽ പറയുന്നു.

ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ലഭിച്ച രണ്ടാമത്തെ നോട്ടീസും തള്ളിയാണ് ദൂതൻവശം തോമസ് ഐസക് വിശദീകരണം എത്തിച്ചത്. ‘കിഫ്ബി രൂപവത്കരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്‍റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായാണ്.

ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് ഒരു പ്രത്യേക അധികാരവും ഇല്ല’ എന്ന് ഏഴുപേജുള്ള മറുപടിയിൽ തോമസ് ഐസക് വിശദീകരിക്കുന്നു. കിഫ്ബി വൈസ് ചെയർമാൻ, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിക്കേണ്ടിവന്ന എക്സ് ഒഫീഷ്യോ ചുമതലകളാണ്.

മന്ത്രിയുടെ ചുമതല ഒഴിഞ്ഞതോടെ തനിക്ക് ഇതിൽ ഒരു ഉത്തരവാദിത്തവുമില്ല. കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മസാല ബോണ്ടും അതിലൂടെ ലഭിച്ച ധനത്തിന്‍റെ വിനിയോഗവും സംബന്ധിച്ച കാര്യങ്ങളിൽ മൊഴി നൽകാനാണ് തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ജനുവരി 12ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നും അദ്ദേഹം എത്തിയില്ല. ആദ്യം ലഭിച്ച രണ്ട് സമൻസ് ഹൈകോടതിയിൽ തോമസ് ഐസക് ചോദ്യം ചെയ്തതിനെത്തുടർന്ന് കോടതി കഴിഞ്ഞമാസം നടപടി അവസാനിപ്പിച്ചിരുന്നു.

ചുറ്റിത്തിരിയുന്ന അന്വേഷണമോ (റോവിങ് എൻക്വയറി) പരാതി സ്ഥാപിച്ചെടുക്കാനുള്ള അന്വേഷണമോ നടത്തരുതെന്ന് ഇ.ഡിയോട് ഹൈകോടതി നിർദേശിച്ചിരുന്നു. ഇ.ഡിയുടെ പുതിയ സമൻസ് കോടതിവിധിയുടെ അന്തസ്സത്തയെ മാനിക്കാത്തതാണെന്നാണ് തോമസ് ഐസക്കിന്‍റെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.