തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിൽ 743.37 കോടി രൂപയുടെ 32 പദ്ധതികൾക്ക് ധനാനുമതി. ഇതോടെ ആകെ 87,378.33 കോടി രൂപയുടെ 1147 പദ്ധതികൾക്കാണ് ഇതുവരെ കിഫ്ബി അംഗീകാരം നൽകിയത്.
നെടുമങ്ങാട് ജില്ല ആശുപത്രിക്കും കൊട്ടാരക്കര ഐ.ടി പാർക്കിനും വിഴിഞ്ഞം-കൊല്ലം-പുനലൂർ സാമ്പത്തിക-വ്യാവസായിക വികസന ഇടനാഴിക്കുള്ള സ്ഥലമേറ്റെടുപ്പ് പദ്ധതിക്കും മൈക്രോബയോം, സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, കാലാവസ്ഥ വ്യതിയാന പഠനങ്ങൾ എന്നിവയിൽ സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കുന്നതിനും കണ്ണൂർ മാവിലായിലെ എ.കെ.ജി ഹെറിറ്റേജ് സ്ക്വയർ യാഥാർഥ്യമാക്കുന്നതിനും ചിലവന്നൂർ കനാലിന്‍റെ കനാൽ കേന്ദ്രീകൃത വികസനത്തിനും അംഗീകാരമുണ്ട്.
കിഫ്ബി പദ്ധതികൾ ഇതുവരെ
അനുമതി നൽകിയത് 87,378 കോടി, പൂർത്തിയായത് 18,423 കോടിയുടേത്
67,378.33 കോടി രൂപയുടെ 1140 അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തി 20,000 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കുമാണ് ഇതുവരെ കിഫ്ബി അനുമതി നൽകിത്. ഫലത്തിൽ ആകെ 87,378 കോടി രൂപയുടെ 1147 പദ്ധതികൾ. അംഗീകാരം നൽകിയ പദ്ധതികൾക്കായി ഇതുവരെ വരെ 31,379 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. 18,423.50 കോടി രൂപയുടെ പൂർത്തീകരിക്കാൻ കിഫ്‌ബിക്ക് സാധിച്ചിട്ടുണ്ട്.
ധനാനുമതി നൽകിയ പ്രധാന പദ്ധതികൾ
- തിരുവനന്തപുരത്തെ ടെക്നോപാർക്ക് ആറാം ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ നിർമാണം.
- വയനാട്ടിലെ കാർബൺ ന്യൂട്രൽ കോഫി പാർക്കിന് ഭൂമി ഏറ്റെടുക്കൽ.
- കൊച്ചിയിലെ നഗര പുനരുജ്ജീവനവും സംയോജിത ജലഗതാഗതവും പദ്ധതിയിലെ 3 വികസന പ്രവർത്തനങ്ങൾ.
- വിവിധ ആശുപത്രികൾക്കായി മെഡിക്കൽ ഉപകരണങ്ങളും ആശുപത്രി ഫർണിച്ചറും വാങ്ങുന്നതിനുള്ള അംഗീകാരം.
- സാമൂഹിക പങ്കാളിത്തത്തിലൂടെ മനുഷ്യൻ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള പദ്ധതി.
- തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഹൈ ഡോസ് തെറപ്പി വാർഡ് വികസനം.
- എസ്.എ.റ്റി ആശുപത്രിയിലെ വനിത-ശിശു ബ്ലോക്ക് പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള അംഗികാരം.
- ആധുനിക ഗ്യാസ് ശ്‌മശാനങ്ങളുടെ നിർമാണം.
- വിവിധ പി.ഡബ്ല്യു.ഡി പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി
- ആലപ്പുഴ ജില്ലയിലെ മുണ്ടക്കൽ പാലം ചവറ ഭവൻ സി ബ്ലോക്ക് റോഡ് നിർമാണം.
- കൊട്ടാരക്കര ടൗണിൽ റോഡിന്‍റെ രണ്ടാംഘട്ട നിർമാണം.
- മലയോര ഹൈവേയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ചാവറാമ്മൂഴി പാലത്തിന്‍റെ നിർമാണം.
- വടകര നാരായണ നഗരം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ നിർമാണം.
- തലശ്ശേരി പൈതൃക പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ചരിത്രപ്രസിദ്ധമായ തലശ്ശേരി-കടൽത്തറ ഓവർബറി പാലം/പ്ലാസയുടെ വികസനം
- പാൽകുളം തോടിന് കുറുകെ ചെക്ക് ഡാം-കം ബ്രിഡ്‌ജ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.