തിരുവനന്തപുരം: സർവകലാശാലകളിൽ വി.സി നിയമനത്തിനായി സർക്കാർ രൂപവത്കരിച്ച സമാന്തര സെർച് കമ്മിറ്റികൾ സമർപ്പിക്കുന്ന ശിപാർശകളിൽ ഗവർണറുടെ തീരുമാനം കോടതി തീർപ്പിന് ശേഷം. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതിൽ രാജ്ഭവൻ ഹൈകോടതിയിൽനിന്ന് വ്യക്തത തേടിയിട്ടുണ്ട്. മാത്രവുമല്ല, വിവിധ സർവകലാശാലകളിൽ ഗവർണർ രൂപവത്കരിച്ച സെർച് കമ്മിറ്റികൾ ഹൈകോടതി സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതുസംബന്ധിച്ച കേസുകളും കോടതിയുടെ തീർപ്പ് കാത്തുകിടക്കുകയാണ്. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലക്ക് (കെ.ടി.യു) പിന്നാലെ വെറ്ററിനറി സർവകലാശാലയിലും വി.സി നിയമനത്തിനായി സർക്കാർ രൂപവത്കരിച്ച സെർച് കമ്മിറ്റി കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
കെ.ടി.യു വി.സി നിയമനത്തിന് സർക്കാർ രൂപവത്കരിച്ച സെർച് കമ്മിറ്റി വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് രാജ്ഭവൻ ഇതുസംബന്ധിച്ച് കോടതിയിൽനിന്ന് വ്യക്തത തേടാൻ തീരുമാനിച്ചത്. രണ്ട് സർവകലാശാലകളിലും ചാൻസലറുടെ പ്രതിനിധി ഇല്ലാതെ സർക്കാർ രൂപവത്കരിച്ച സെർച് കമ്മിറ്റികൾ വി.സി നിയമനത്തിനുള്ള പാനൽ സമർപ്പിക്കേണ്ടത് ഗവർണർക്ക് തന്നെയാണ്. ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെ രൂപവത്കരിച്ച സെർച് കമ്മിറ്റി സമർപ്പിക്കുന്ന പാനൽ ഗവർണർ തള്ളാൻ തന്നെയാണ് സാധ്യത.
ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ യോഗ്യരായവരെ സെർച് കമ്മിറ്റി കൂടിക്കാഴ്ചക്ക് ക്ഷണിക്കുകയും അതിൽനിന്ന് മൂന്ന് മുതൽ അഞ്ച് വരെ പേരുള്ള പാനൽ തയാറാക്കി സമർപ്പിക്കുകയുമാണ് ചെയ്യേണ്ടത്. വിജ്ഞാപന പ്രകാരം കെ.ടി.യു വി.സി സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും.
വെറ്ററിനറി സർവകലാശാലയുടേത് ഡിസംബർ ഏഴിനും. ലഭിക്കുന്ന അപേക്ഷ/ നോമിനേഷനുകളുടെ അടിസ്ഥാനത്തിൽ വൈകാതെ സെർച് കമ്മിറ്റിക്ക് തീരുമാനമെടുക്കേണ്ടിവരും. ഇതിന് മുമ്പ് സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്നതിൽ കോടതിയിൽനിന്ന് വ്യക്തത വന്നാൽ അതുപ്രകാരം ഗവർണർ തുടർനടപടി സ്വീകരിക്കും. തീരുമാനം വൈകിയാൽ അതുവരേക്കും സെർച് കമ്മിറ്റി ശിപാർശ അംഗീകരിക്കാൻ ഗവർണർ തയാറാവുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.