കൊച്ചി: മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ സമൻസ് ചോദ്യം ചെയ്ത് കിഫ്ബിയും സി.ഇ.ഒ കെ.എം. എബ്രഹാമും വീണ്ടും ഹൈകോടതിയിൽ. ജനുവരി 10ന് ഹാജരാകാൻ നിർദേശിച്ചുള്ള സമൻസ് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി ഇ.ഡിയുടെ വിശദീകരണം തേടി. മനപ്പൂർവം ഹാജരാകാതിരിക്കുകയും രേഖകൾ നൽകാതിരിക്കുകയും ചെയ്താൽ 10,000 രൂപ പിഴ ഈടാക്കുമെന്നാണ് ജനുവരി അഞ്ചിന് നൽകിയ സമൻസിൽ പറയുന്നത്. മസാല ബോണ്ട് വഴി ഫണ്ട് നൽകുന്ന പദ്ധതികളുടെ വിശദാംശങ്ങളടക്കം അറിയിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ നേരത്തേതന്നെ ഇ.ഡിക്ക് നൽകിയതാണെന്നാണ് ഹരജിയിൽ പറയുന്നത്. മുമ്പ് ആറുതവണ ഹാജരായപ്പോൾ ഇപ്പോൾ സമൻസിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നു. ഏതെങ്കിലും ഏജൻസി മുമ്പാകെ കിഫ്ബിക്കെതിരെ നടപടികളൊന്നും നിലവിലില്ലാതിരിക്കെയാണ് നിയമപരമായി അധികാരമില്ലാതെ വീണ്ടും സമൻസ് നൽകിയിരിക്കുന്നത്.
റിസർവ് ബാങ്കിന്റെ അനുമതിയുണ്ടായിരിക്കെ മസാല ബോണ്ടിന്റെ നിയമസാധുത ഇ.ഡിക്ക് ചോദ്യം ചെയ്യാൻ അധികാരമില്ല. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്ക് അന്വേഷണം നടത്താനാവില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.