തൃശൂർ: ഗോവിന്ദചാമി ശിക്ഷിക്കപ്പെട്ട കേസിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ യഥാർഥ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വീണ്ടെടുക്കണമെന്ന് ആവശ്യമുയരുന്നു. പോസ്റ്റ്മോർട്ടം വിവാദത്തിൽ ഫോറൻസിക് വിദഗ്ധൻ ഡോ. ഉന്മേഷിനെ ഏഴ് വർഷത്തിന് ശേഷം സർക്കാർ കുറ്റമുക്തനാക്കിയെങ്കിലും പോസ്റ്റ്മോർട്ടത്തിെൻറ വിവരങ്ങൾ വ്യക്തമല്ല. അന്ന് റിപ്പോർട്ട് തയാറാക്കാൻ ഡോ. ഉന്മേഷ് ഉപയോഗിച്ച കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും അടക്കമുള്ളവ അദ്ദേഹത്തിെൻറ തന്നെ ആവശ്യപ്രകാരം സീൽ ചെയ്ത് മാറ്റിവെച്ചിട്ടുണ്ടെങ്കിലും അതിലെ റിപ്പോർട്ടുകൾ കണ്ടെത്താനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
യഥാർഥ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ കേസിൽ തുടർവിചാരണ അടക്കമുള്ള സാധ്യതകളുണ്ടെന്ന് ഫോറൻസിക് വിദഗ്ധരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതിനുള്ള നീക്കത്തിലാണ് ഫോറൻസിക് വിദഗ്ധർ. ഡോ. ഉന്മേഷിെൻറ നേതൃത്വത്തിൽ ഡോ. രാജേന്ദ്രപ്രസാദ് അടക്കമുള്ള സംഘമാണ് പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് കൈമാറിയത്.
ഈ റിപ്പോർട്ടിൽ ഭേദഗതി വരുത്തി ഡോ. ഷേർളി വാസു റിപ്പോർട്ട് സമർപ്പിച്ചുവെന്നാണ് പറയുന്നത്. ഷേർളി വാസുവിെൻറ വ്യാഖ്യാനങ്ങളെയും കണ്ടെത്തലുകളെയും കോടതിയിൽ തന്നെ എതിർത്തതിനാലാണ് പ്രതിഭാഗം ചേർന്നുവെന്ന് ആരോപിച്ച് ഉന്മേഷിനെ പ്രോസിക്യൂഷൻ പ്രതിയാക്കിയത്. താൻ അന്ന് തയാറാക്കിയ റിപ്പോർട്ട് ഇപ്പോൾ ഉണ്ടോയെന്ന് അറിയില്ലെന്നും അത് പിന്നീട് കണ്ടിട്ടില്ലെന്നും ഡോ. ഉന്മേഷ് പറഞ്ഞു. അന്ന് താൻ ആവശ്യപ്പെട്ടതനുസരിച്ച് മാറ്റിവെച്ച കമ്പ്യൂട്ടർ ഇപ്പോഴും ഉണ്ടായേക്കുമെങ്കിലും അതിലെ വിശദാംശങ്ങൾ കണ്ടെടുക്കാനാവുമോയെന്ന് അറിയില്ലെന്നും ഉന്മേഷ് പറയുന്നു.
ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയതായിരുന്നു ഡോ. ഉന്മേഷിെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ റിപ്പോർട്ടെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പക്ഷം. അത് പുറത്ത് വരുന്നത് പല നിഗമനങ്ങളെയും ബാധിക്കും. ഡോ. ഉന്മേഷിനെ കുറ്റമുക്തനാക്കിയ സർക്കാർ നടപടിയിൽ ഫോറൻസിക് വിദഗ്ധരുടെ സംഘടനയായ കേരള മെഡിക്കോ ലീഗൽ സൊസൈറ്റി സന്തോഷത്തിലാണ്.
ഇത് തങ്ങൾക്ക് സത്യം തുറന്നു പറയാനുള്ള സാഹചര്യം ഒരുക്കുമെന്ന് സെക്രട്ടറി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. ഡോ. ഉന്മേഷിനെ കുറ്റമുക്തനാക്കി സർക്കാർ ഉത്തരവിറക്കിയെങ്കിലും യഥാർഥ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ പൊതുസമൂഹത്തിന് ആഗ്രഹമുണ്ടാകുമെന്നും അത് വീണ്ടെടുക്കാനുള്ള നടപടി ആലോചിക്കുമെന്നും ഹിതേഷ് ശങ്കർ പറഞ്ഞു. തുടർ നടപടി ആലോചിക്കാൻ ഈയാഴ്ച സൊസൈറ്റി യോഗം വിളിച്ചിട്ടുണ്ട്.
അതിനിടെ പോസ്റ്റ്മോർട്ടം വിവാദ കേസ് തിങ്കളാഴ്ച പരിഗണിച്ച കോടതി ജൂണിൽ പരിഗണിക്കാനായി മാറ്റി വെച്ചു. സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ നടപടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുന്നത് നിയമവിദഗ്ധരുമായി ആലോചിക്കുമെന്ന് ഡോ. ഉന്മേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.