കോട്ടയം: ഏതാനും ദിവസങ്ങളായി ആർപ്പൂക്കര സ്വദേശി സുജിത്തും കുടുംബവും പരിസരവാസികളും കടുത്ത ആശങ്കയിലായിരുന്നു. തന്റെ കാറിന്റെ പരിസരത്ത് രാജവെമ്പാലയുടെ സാമീപ്യം കണ്ടെത്തിയതോടെയായിരുന്നു ഇത്. ഒരുമാസം മുമ്പ് നിലമ്പൂർ യാത്രാക്കിടെ കാറിൽ കയറിക്കൂടിയ പാമ്പാണ് ഇതെന്ന് സുജിത്ത് ഉറപ്പിച്ചു. എന്നാൽ, വാവ സുരേഷ് അടക്കം വന്ന് പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്തിയില്ല. ഒടുവിൽ, അടുത്ത വീട്ടിലെ ചകിരിയും മറ്റും കൂട്ടിയിട്ട ഭാഗത്ത് രാജവെമ്പാലയെ കണ്ടെത്തിയതോടെയാണ് ഈ ആശങ്ക ആശ്വാസത്തിലേക്ക് വഴിമാറിയത്.
ഒരു മാസം മുന്‍പ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്ക് പോയപ്പോഴാണ് രാജവെമ്പാല കാറിൽ കയറിയതെന്ന് സുജിത്ത് പറയുന്നു. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു അന്ന് ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന് സമീപം രാജവെമ്പാലയെ കണ്ടു. എന്നാൽ, പിന്നീട് കാണാതായി. പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന് പരിശോധിച്ചപ്പോഴും കണ്ടെത്താനായില്ല. പാമ്പ് ഇല്ലെന്ന് ഉറപ്പിച്ച ശേഷം ഇവര്‍ നിലമ്പൂരില്‍നിന്ന് മടങ്ങി.
എന്നാൽ, ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെ പാമ്പിന്റെ പടം കണ്ടെത്തി. ഇതോടെ രാജവെമ്പാല കാറില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ചു. ഒരു മാസത്തോളം താനും കുടുംബവും രാജവെമ്പാലയുമായാണ് കാറിൽ സഞ്ചരിച്ചതെന്ന് സുജിത്ത് ഞെട്ടലോടെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് വാവ സുരേഷ് എത്തി കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. അതിനിടെ, പാമ്പിന്റെ കാഷ്ഠം കണ്ടെത്തി. ഇത് ഒരു മണിക്കൂര്‍ മുമ്പുള്ളതാണെന്ന് വാവ സംശയം പ്രകടിപ്പിച്ചതോടെ പാമ്പ് സമീപത്ത് തന്നെയുണ്ടെന്ന ആശങ്കയിലായി നാട്ടുകാർ. തുടർന്ന് വാവ സുരേഷിന്റെ നേതൃത്വത്തിൽ എല്ലായിടത്തും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
തുടർന്ന് നാട്ടുകാർ കടുത്ത ഭീതിയിൽ കഴിയുന്നതിനിടെയാണ് അടുത്ത വീട്ടിലെ ചകിരിയും മറ്റും കൂട്ടിയിട്ട ഭാഗത്ത് പാമ്പിന്റെ വാല്‍ കണ്ടത്. ഉടന്‍ തന്നെ വലയിട്ടു മൂടി വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് പാമ്പ് പിടിത്തക്കരന്‍ അബീഷ് എത്തിയാണ്, നിലമ്പൂരിൽനിന്ന് ഒപ്പംകൂടി നാട്ടുകാരെ മൊത്തം വിറപ്പിച്ച രാജവെമ്പാലയെ പിടികൂടി ചാക്കിൽ കയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.