കോഴിക്കോട്: വനിതാ ശാക്തീകരണത്തിനായി വനിതാ ശിശുക്ഷേമ വകുപ്പ് ദിവസവും സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ യുദ്ധം നടത്തുമ്പോൾ മറ്റ് വകുപ്പുകൾ ചേർന്ന് വനിതകളെ വീണ്ടും വീട്ടിൽ തളച്ചിടാനുള്ള ആശയങ്ങൾ പ്രാവർത്തികമാക്കുന്നു. വീട്ടിലെ അടുക്കളപ്പണി സ്കൂളുകളിലേക്കും നീട്ടികൊടുത്തുെകാണ്ടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്ത്രീകൾക്ക് ശാക്തീകരണം നടപ്പാക്കുന്നത്.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്കൂൾ മാന്വലിന്റെ കരടിലാണ് അടുക്കളപ്പണിയും കുട്ടികളെ പഠിക്കലും സ്ത്രീകളുടെ മാത്രം ചുമതലയാണെന്ന് അടിവരയിടുന്നത്. മാതൃസമിതികൾ എന്ന പേരിൽ സ്കൂളുകളിൽ കുട്ടികളുടെ അമ്മമാരെ ചേർത്തുള്ള സമിതികൾ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ രൂപീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്നു. അക്കാദമിക പ്രവർത്തനങ്ങൾ, ഉച്ചഭക്ഷണ പരിപാടികൾ, പഠനയാത്രകൾ എന്നിവയിൽ സഹായിക്കാനും കുട്ടികളുടെ പഠന പരിമിതികളും മറ്റും ചർച്ച ചെയ്ത് വീട്ടിൽ പഠന സഹായം നൽകാനും കൈത്താങ്ങാകാനുമാണ് മാതൃ സമിതികൾ എന്നതാണ് സ്കൂൾ മാന്വലിൽ പറയുന്നത്.
ലിംഗ സമത്വം സ്കൂൾ തലം തൊട്ട് പ്രാവർത്തികമാക്കി പുതു തലമുറയെ വ്യക്തി ബന്ധങ്ങളിൽ ഏർപ്പെടാൻ ശീലിപ്പിക്കുന്നതിന് പകരം, അമ്മമാർ അടുക്കളപണിക്കും കുട്ടികളെ നോക്കാനുമാണ് എന്നത് ഉറപ്പിക്കുന്ന തരത്തിലുളള നടപടികളാണ് ഔദ്യോഗികമായി തന്നെ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെക്കുന്നത്.
കുട്ടികളുടെ അക്കാദമിക പ്രവർത്തനങ്ങൾ ശ്രദ്ധിക്കലും ഉച്ച ഭക്ഷണ പരിപാടികൾ ഒരുക്കലും വീട്ടിൽ പഠന സഹായം നൽകലുമെല്ലാം അമ്മമാരുടെ മാത്രം ജോലിയായി പരിമിതപ്പെടുത്തി എന്നതാണ് ഇൗ കരട് നൽകുന്ന സന്ദേശം. കുട്ടികളുടെ ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് തുല്യമാണെന്നിരിക്കെ, ഭക്ഷണ കാര്യങ്ങളും പഠന കാര്യങ്ങളും അമ്മമാർ ശ്രദ്ധിക്കട്ടെ എന്നതരത്തിലുള്ള വിവേചനം ആധുനിക കാലത്ത് പിന്തിരിപ്പൻ നടപടിയാണ്.
ഭൂരിഭാഗം സ്ത്രീകളും ജോലിക്കു പോകുന്ന ഈ കാലത്തും പുരുഷൻമാർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും സ്ത്രീകൾ വീട്ടിൽ വെറുതെയിരിക്കുകയാണെന്നുമുള്ള ചിന്ത കുത്തിവെക്കുന്ന സംവിധാനമാണ് സ്കൂളുകളിലെ മാതൃസമിതി. ഭക്ഷണകാര്യത്തിലും കുട്ടിയുടെ പൊതുവായ കാര്യങ്ങളിലും അമ്മയ്ക്കാണ് പ്രാഥമികമായ ഉത്തരവാദിത്വം എന്നും, അച്ഛനേക്കാൾ സമയമുള്ള ആളാണ് അമ്മ എന്നും, കൂടുതൽ പ്രാധാന്യമുള്ള വേറെ കാര്യങ്ങൾ ചെയ്യാനുള്ള ആളാണ് അച്ഛൻ എന്നുമുള്ള പൊതുധാരണ വീണ്ടും ഊട്ടിയുറപ്പിക്കലാണ് ഇത്തരം സംവിധാനങ്ങളിലൂടെ സംഭവിക്കുക.
അക്കാദമിക പ്രവർത്തനങ്ങൾ, ഉച്ചഭക്ഷണ പരിപാടികൾ, പഠനയാത്രകൾ എന്നിവയിൽ സഹായിക്കാൻ രക്ഷിതാക്കൾക്ക് എല്ലാവർക്കും ഉത്തരവാദിത്തമുള്ളത് കൊണ്ട്, അത് അദ്ധ്യാപക-രക്ഷാകർതൃസമിതിയുടെ ലക്ഷ്യമാവുകയാണ് വേണ്ടെതന്നും അതിനുവേണ്ട നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട്ടെ വിദ്യാർഥിയുടെ രക്ഷാ കർത്താവായ അഡ്വ.എസ്. രേഖ വനിതാ കമ്മീഷനിലും പൊതു വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.