കിഴക്കമ്പലം: ക്രിസ്മസ് രാത്രിയിൽ കിഴക്കമ്പലത്ത് കിറ്റക്സ് തൊഴിലാളികൾ പൊലീസിന് നേരെ നടത്തിയ അക്രമസംഭവങ്ങളിൽ കമ്പനി ഉടമക്കെതിരെയും അന്വേഷണം നടത്തണമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ. ലഹരി ഉപയോഗിച്ച് നാട്ടുകാരെ മർദിക്കുന്നുവെന്നതടക്കം തൊഴിലാളുകളുമായും കമ്പനിയുമായും ബന്ധപ്പെട്ട് നിരവധി പരാതികൾ മുമ്പും ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ പരാതികളെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് ലേബർ ഡിപ്പാർട്ടുമെന്‍റ് അന്വേഷിച്ചപ്പോൾ ഒട്ടനവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കേരളം വികസന വിരുദ്ധമെന്ന് ആരോപിച്ച് അന്വേഷണം വഴിതിരിച്ചുവിടാനാണ് കിറ്റെക്സ് കമ്പനി ഉടമ ശ്രമിച്ചത്. ഞങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരല്ല. എന്നാൽ, ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവരങ്ങളൊന്നും ആരുടെ പക്കലുമില്ല. സംഭവത്തിൽ കമ്പനിയുടെ ഉത്തരവാദിത്തവും വീഴ്ചയും പൊലീസ് അന്വേഷിക്കണം -എം.എൽ.എ ആവശ്യപ്പെട്ടു.
ശനിയാഴ്ച അർധരാത്രിയാണ് കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികൾ താമസസ്ഥലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടിയത്. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇതിനിടെയാണ് പ്രശ്നം പരിഹരിക്കാനെത്തിയ പൊലീസിന് നേരെ അക്രമികൾ തിരിഞ്ഞത്. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അക്രമികൾ മർദ്ദിച്ചു. പൊലീസുകാരെ പുറത്തിറങ്ങാൻ അനുവദിക്കാത്ത തൊഴിലാളികൾ വാഹനത്തിന് നേരെ കല്ലേറ് നടത്തി. കല്ലേറിൽ വാഹനത്തിന്‍റെ ഗ്ലാസുകൾ തകർന്നു.
ഇതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂം വാഹനത്തിന് നേരെ അക്രമികൾ തിരിഞ്ഞത്. വാഹനത്തിലുള്ളവരെ തൊഴിലാളികൾ തടഞ്ഞുവെച്ച് തീയിട്ടു. അഗ്നിക്കിരയായ വാഹനത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇറങ്ങി ഒാടിയതിന് പിന്നാലെ വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കല്ലേറിലും ആൾക്കൂട്ട മർദനത്തിലും ഗുരുതര പരിക്കേറ്റ സി.ഐ അടക്കമുള്ളവർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളിൽ കയറി ഒളിച്ചിരുന്ന തൊഴിലാളികളെ പുലർച്ചെ നാലുമണിയോടെ കൂടുതൽ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. എ.ആർ. ക്യാമ്പിൽ നിന്ന് 500 പൊലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.