കൊണ്ടോട്ടി: മലപ്പുറം കിഴിശ്ശേരി ആൾകൂട്ടക്കൊലപാതക കേസിൽ വിചാരണക്കിടെ തുടരന്വേഷണം പ്രഖ്യാപിച്ചു. കൂടുതൽ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെ തുടരന്വേഷണം നടത്താൻ പൊലീസിന് കോടതി അനുമതി നൽകുകയായിരുന്നു.
മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി മൂന്നിന്‍റേതാണ് നടപടി. വിചാരണ ആരംഭിച്ച് ആദ്യ ദിവസം തന്നെ ഏഴ് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. കേസിൽ 123 സാക്ഷികളാണുള്ളത്.
2023 മേയ് 13ന് അര്‍ധരാത്രി കിഴിശ്ശേരി ഒന്നാം മൈലിലാണ് സംഭവം. ബിഹാർ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) യെയാണ് ആൾകൂട്ടം തല്ലിക്കൊന്നത്. തവനൂര്‍ ഒന്നാംമൈലില്‍ മുഹമ്മദ് അഫ്സലിന്റെ വീട്ടുമുറ്റത്തെത്തിയ രാജേഷ് മാഞ്ചിയെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. വടികള്‍, പട്ടികക്കഷണങ്ങള്‍, പ്ലാസ്റ്റിക് പൈപ്പ് എന്നിവയുപയോഗിച്ച് രണ്ടു മണിക്കൂറോളം ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ ദിവസം പ്രതികളായ തവനൂർ ഒന്നാംമൈല്‍ സ്വദേശി വരുവള്ളിപിലാക്കല്‍ ഷറഫുദ്ദീന്‍ (43), വരുവള്ളിപിലാക്കല്‍ മുഹമ്മദ് അഫ്‌സല്‍ (34), വരുവള്ളി പിലാക്കല്‍ മുഹമ്മദ് ഫാസില്‍ (37), തേര്‍ത്തൊടിയില്‍ അബ്ദുസ്സമദ് (34), ചെവിട്ടാണിപ്പറമ്പില്‍ ഹബീബ് റഹ്മാന്‍ (36), പേങ്ങാട്ടില്‍ അബ്ദുല്‍ നാസര്‍ (41), കടുങ്ങല്ലൂര്‍ സ്വദേശി പാലത്തിങ്ങല്‍ അയ്യൂബ് (40) എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.