കെ.കെ. ലതികയെ മർദിച്ചെന്ന കേസ്; മുൻ എം.എൽ.എമാരായ വാഹിദിനും ജോർജിനുമെതിരെ വാറന്റ്

തിരുവനന്തപുരം: എം.എൽ.എ ആയിരുന്ന കെ.കെ ലതികയെ മർദിച്ചെന്ന കേസിൽ രണ്ട് മുൻ എം.എൽ.എമാർക്ക് വാറന്റ്. കോൺഗ്രസ് നേതാക്കളായ മുൻ കഴക്കൂട്ടം എം.എൽ.എ എം.എ. വാഹിദ്, പാറശാല എം.എൽ.എയായിരുന്ന എ.ടി. ജോർജ് എന്നിവർക്കാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്.

നിയമസഭയിലെ കൈയാങ്കളിക്കിടെയാണ് കുറ്റ്യാടി എം.എൽ.എയായിരുന്ന കെ.കെ. ലതികയ്ക്ക് മർദനമേറ്റത്. ലതിക തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ പരാതിയിലാണ് മുൻ എം.എൽ.എമാർക്കെതിരെ കോടതി കേസെടുത്തത്.

നിയമസയില്‍ കൈയാങ്കളി നടന്ന ദിവസം തന്നെ കൈയേറ്റം ചെയ്തെന്നാണ് പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ്. നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കുള്ള പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച അതേ ദിവസമാണ് ഈ വാറന്റ് എന്നതാണ് ശ്രദ്ധേയം.

2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചതും ഇതിനിടെ ലതികയ്ക്ക് മർദനമേറ്റതും. അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം.

ഈ കേസിൽ കറ്റപത്രം വായിച്ചു കേള്‍ച്ചതിനു പിന്നാലെ പ്രതികൾ കുറ്റം നിഷേധിച്ചു. മന്ത്രി വി. ശിവന്‍കുട്ടി അടക്കം അഞ്ച് പ്രതികളാണ് ഇന്ന് കോടതിയിൽ ഹാജരായത്. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഹാജരായില്ല. കേസ് സെപ്റ്റംബർ 26ന് വീണ്ടും പരി​ഗണിക്കും.

Tags:    
News Summary - KK Latika case; warrant against former MLAs wahid and george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.