കണ്ണൂർ: രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ സമരം ചെയ്തതുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതിക്ക് സത്യവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് കത്ത് നൽകിയതിനെതിരെ കെ.കെ. രാഗേഷ് എം.പി രാജ്യസഭ ഉപാധ്യക്ഷന്‍ തുറന്ന കത്തെഴുതി. താനടക്കമുള്ള എം.പിമാരെ ഗാന്ധി പ്രതിമക്കരികിൽ സന്ദർശിച്ചതിനും ചായ നൽകിയതിനും നന്ദിയുണ്ടെന്ന മുഖവുരയോടെയാണ് കത്ത്.
സഭയിലെ അനിഷ്ടസംഭവങ്ങൾ മൂലമുണ്ടായ മനഃക്ലേശം പ്രകടിപ്പിക്കാൻ ഏകദിന ഉപവാസം അനുഷ്ഠിക്കുകയാണെന്നും പറഞ്ഞു മടങ്ങിയ താങ്കൾ എം.പിമാർക്കെതിരെ സത്യവിരുദ്ധമായ ആരോപണങ്ങൾ നിറഞ്ഞ കത്താണ് ഉപരാഷ്ട്രപതിക്ക് അയച്ചത്. താങ്കളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും അടക്കം തികച്ചും വിചിത്രമായ ആരോപണങ്ങൾ നിർമിക്കുകയല്ലേ താങ്കൾ ചെയ്തത്? പാർലമെൻറ് അംഗത്തിനുള്ള അവകാശങ്ങളെ പരുഷമായി അവഗണിക്കുകയാണ് സെപ്റ്റംബർ 20ന് രാജ്യസഭയിൽ താങ്കൾ ചെയ്തത്.
കാർഷികോൽപന്ന വ്യാപാര-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ -2020, കർഷക ശാക്തീകരണം, സംരക്ഷണ ബിൽ 2020, എന്നിവയിൽ താൻ അവതരിപ്പിച്ച നിരാകരണ പ്രമേയത്തിൽ ഡിവിഷൻ വോട്ടിനിടണമെന്ന ആവശ്യം തിരസ്കരിച്ച് ശബ്ദവോട്ടോടെ പാസാക്കാൻ താങ്കൾ എടുത്ത, ജനാധിപത്യവിരുദ്ധമായ തീരുമാനമാണ് സഭയിലെ ബഹളത്തിന് കാരണം.
പ്രതിപക്ഷ അവകാശങ്ങൾക്കുനേരെ കണ്ണടച്ച, ധാർഷ്ട്യം നിറഞ്ഞ താങ്കളുടെ സമീപനമാണ് സഭയിൽ തർക്കങ്ങൾക്കു വഴിവെച്ചതും കടുത്ത പ്രതിഷേധങ്ങൾക്കു കാരണമായതും. കൃഷിമന്ത്രിയുടെ മറുപടി വെട്ടിച്ചുരുക്കി ബില്ല് പാസാക്കാനുള്ള തീരുമാനം എവിടെനിന്ന് വന്നു? സഭ നടത്തിപ്പിലെ ഏതു ചട്ടപ്രകാരമാണ് നിരാകരണ പ്രമേയം ഡിവിഷൻ വോട്ടിനിടണമെന്ന അഭ്യർഥന താങ്കൾ തിരസ്കരിച്ചത്.
അധ്യക്ഷൻ ഭരണപക്ഷത്തിെൻറ കുറിപ്പടികൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം കാഴ്ചക്കാരായിരിക്കണമെന്നാണോ താങ്കൾ പറയുന്നത്? ഇനിയും ഇത്തരം അനഭിലഷണീയ നിലപാടുകൾ എടുത്താൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നാണ് പറയാനുള്ളത്- കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.