കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) വെട്ടിക്കൊന്ന കേസിൽ പ്രതികരണവുമായി ആർ.എം.പി നേതാവ് കെ.കെ രമ. ആക്രമണത്തിൽ സി.പി.എം പ്രവർത്തകൻ ഷിനോസ് പിടിയിയിലായിരുന്നു. വീട്ടിൽ കയറിബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.
കെ.കെ രമ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
നമ്മുടെ ജനാധിപത്യത്തിൻറെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു. പാനൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ 22 വയസ്സുകാരനായ മൻസൂറിനെയാണ് സി.പി.എം കൊലയാളിക്കൂട്ടം ഇന്നലെ തെരഞ്ഞെടുപ്പിൻറെ രാവിൽ പതിയിരുന്ന് ആക്രമിച്ച് ബോംബെറിഞ്ഞ് വെട്ടിക്കൊന്നുകളഞ്ഞത്. ഇനിയൊരു ചോരക്കുരുതി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ അരുതെന്ന് എത്രയോ കാലമായി നെഞ്ചുകീറി വിലപിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൻറെ ഹൃദയത്തിലേക്ക് എത്ര ക്രൂരവും ഭീകരവുമായാണ് തെല്ലും കയ്യറപ്പില്ലാതെ നമ്മുടെ കൊലവാൾ രാഷ്ട്രീയം പിന്നെയും പിന്നെയും കത്തിയാഴ്ത്തിക്കൊണ്ടിരിക്കുന്നത്!!
എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത്!! മരണം വരെ ഹൃദയം പിളർന്ന വേദനയുമായി കണ്ണീരിലുരുകി ജീവിക്കേണ്ടി വരുന്ന ആ അമ്മയുമ്മമാരോട് ഈ നാടിൻറെ ജനാധിപത്യ രാഷ്ട്രീയത്തിന് എന്ത് മറുപടിയാണ് പറയാനുള്ളത്?!! തങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനുമെല്ലാമുള്ള പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യം പോലും കൊലവാളുകളാൽ വെട്ടിയരിഞ്ഞുതള്ളുന്ന ഈ പൈശാചിക കുലപ്രഭു രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാതെ ഒരു മാനവിക ജനാധിപത്യ സമൂഹമെന്ന നിലയിൽ തീർച്ചയായും നമുക്ക് ഒരടി മുന്നോട്ടുനീങ്ങാനാവില്ല.
കൊലയാളിനേതൃത്വങ്ങളെ പിടികൂടി തുറുങ്കിലടയ്ക്കാതെ ഈ ചോരക്കളിക്ക് അറുതിയുണ്ടാവില്ലെന്ന് എത്രയോ കാലമായി നാം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഗൂഢാലോചകരുടെ കൈകളിൽ വിലങ്ങുവീഴാതെ തീർച്ചയായും നമ്മുടെ രാഷ്ട്രീയത്തെ വാൾവാഴ്ച്ചകളിൽ നിന്ന് നമുക്ക് ഒരിക്കലും മോചിപ്പിക്കാനാവില്ല. കൊലയാളിക്കൂട്ടങ്ങളെ ചെല്ലും ചെലവും നൽകിപ്പോറ്റി വളർത്തി സംരക്ഷിക്കുന്ന രക്തദാഹി രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ വലിയ ജനകീയ പ്രതികരണമുയർത്താൻ നാമോരോരുത്തരും രംഗത്തുവന്നേ തീരൂ. മൻസൂറിൻറെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധം., രോഷം., വേദന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.