കോഴിക്കോട്: നിപ വൈറസ് ബാധ ഏതാണ്ട് നിയന്ത്രണത്തിലായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പനി ബാധയുടെ സാഹചര്യത്തിൽ നടന്ന സർവകക്ഷി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മൊത്തം 12പേർ മരിച്ച സംഭവത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേർ ചികിത്സയിലാണ്. ആദ്യം മരിച്ച സാബിത്തിെൻറ സാമ്പിളുകൾ പരിശോധിച്ചിരുന്നില്ലെങ്കിലും നിപ മരണത്തിൽ ആരോഗ്യവകുപ്പ് ഉൾപ്പെടുത്തി.
എട്ട് ജില്ലകളിലായി 26പേരാണ് രോഗം സംശയിച്ച് ചികിത്സയിലുള്ളത്. കോഴിക്കോട് 10, മലപ്പുറം ആറ്, എറണാകുളത്തും കണ്ണൂരും മൂന്ന് വീതം, തിരുവനന്തപുരം, തൃശൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഒരാൾ വീതവുമാണ് സംശയനിഴലിൽ ആശുപത്രികളിലുള്ളത്. രോഗം ബാധിച്ചവരുമായി സമ്പർക്കത്തിലേർപ്പെെട്ടന്ന് കണ്ടെത്തിയ മുഴുവൻ പേരും നിരീക്ഷണത്തിലാണ്. രണ്ടുദിവസങ്ങൾക്കിടെ മണിപ്പാല്‍ വൈറോളജി റിസര്‍ച് സെൻററിലയച്ച 40 സാമ്പിളുകളില്‍ ഒന്നിൽ മാത്രമാണ് നിപ സ്ഥിരീകരിച്ചത്. ഇത് രോഗം നിയന്ത്രണത്തിലായെന്നാണ് കാണിക്കുന്നത്. എന്നാൽ, ജാഗ്രത തുടരുകയാണ്.
നിപ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ പട്ടിക തയാറാക്കുന്നുണ്ട്. പനിലക്ഷണത്തോടെ ആദ്യം മരിച്ച പേരാമ്പ്രയിലെ സാബിത്തുമായി ബന്ധപ്പെട്ടവരെയും ഇദ്ദേഹത്തിെൻറ യാത്രകളെക്കുറിച്ചും പരിശോധിക്കും. പനി ബാധിതരുമായി വിദൂരബന്ധം ഉള്ളവരെ കണ്ടെത്താൻ ശ്രമിക്കും.
നിപക്ക് ഫലപ്രദമെന്നു കണ്ടെത്തിയ ആസ്ട്രേലിയൻ മരുന്ന് വെള്ളിയാഴ്ച രാവിലെ കോഴിക്കോട് എത്തിയിട്ടുണ്ട്. വൈറസിനെതിരെ ആസ്ട്രേലിയ വികസിപ്പിച്ചെടുത്ത് 12പേരില്‍ പരീക്ഷിച്ച് സഫലമെന്ന് കണ്ടെത്തിയ ഹ്യൂമണ്‍ മൊണോക്ലോണല്‍ ആൻറിബോഡീസ് എം 102.4 എന്ന മരുന്നിെൻറ 50 ഡോസാണ് എത്തിയത്. മലേഷ്യയില്‍നിന്നുള്ള റിബവിറിന്‍ ഗുളിക വൈറസ് ബാധിതർക്ക് നൽകുന്നുണ്ട്. ഇത് പൂര്‍ണമായി ഫലപ്രദമല്ലെന്നാണ് ആസ്ട്രേലിയയിൽ നിന്നുള്ള വിവരം.
വൈറസ് ബാധ രണ്ടുപേർ മരിച്ചപ്പോഴേക്കും തിരിച്ചറിയാന്‍ കഴിഞ്ഞതിലൂടെ ആരോഗ്യവകുപ്പ് ലോകത്തിനു മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വൈറസ് തടയാൻ പ്രത്യേക മരുന്ന് വികസിപ്പിച്ചെടുക്കുന്നതിനുള്ള പരീക്ഷണം ഉടൻ ആരംഭിക്കും. ലോകാരോഗ്യ സംഘടനയുടെ പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സൗമ്യ സ്വാമിനാഥൻ, സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദനുമായി ഇക്കാര്യത്തിൽ വിഡിയോ കോൺഫറൻസ് നടത്തി. ലോകമാകെ ഒന്നിച്ചുള്ള പരീക്ഷണമാണ് തുടങ്ങുക.
ഡ്യൂക് സർവകലാശാലയിലെ മലയാളി ഗവേഷകൻ മനോജ് മോഹന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പരീക്ഷണത്തിനിറങ്ങുക. തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിന് കീഴിലാണ് പരീക്ഷണം.
നിപ വൈറസ് സ്ഥിരീകരിച്ച സ്ഥലങ്ങളിലെല്ലാം വവ്വാലില്‍നിന്നാണ് രോഗം പടര്‍ന്നത്. രോഗം ആദ്യം പടര്‍ന്ന പ്രദേശത്തെ വവ്വാലുകളെ ശാസ്ത്രീയ രീതിയിൽ പിടികൂടാനുള്ള പ്രത്യേക സംഘം വെള്ളിയാഴ്ച കോഴിക്കോട് എത്തിയിട്ടുണ്ട്.
ഡോക്ടർമാർക്കും മറ്റും വൈറസ് ബാധ പകരാതിരിക്കാനുള്ള മാസ്ക്, കിറ്റുകള്‍, പേഴ്സനല്‍ പ്രൊട്ടക്ടിവ് എക്യുപ്മെൻറ് (പി.പി.ഇ) എന്നിവയും ആവശ്യത്തിനുണ്ട്. ഇവ ഇന്ത്യയില്‍ ഉൽപാദിപ്പിക്കുന്ന മുഴുവന്‍ കമ്പനികളുമായി ബന്ധപ്പെട്ട് എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടുകൊല്ലത്തിനകം വൈറോളജി റിസർച് സെൻറര്‍ തുടങ്ങും. ചെറിയ ലാബുകള്‍ അതിനു മുമ്പ് കോഴിക്കോടും ആലപ്പുഴയിലും തുടങ്ങും. പ്രതിരോധ പ്രവര്‍ത്തനത്തിന് എല്ലാവിധ ചികിത്സ രീതികളും അവലംബിക്കും.
ഹോമിയോ മരുന്നുകള്‍ വൈറസ് ബാധ ലക്ഷണമുള്ളവര്‍ക്ക് കൊടുക്കേെണ്ടന്ന് നിര്‍ദേശിച്ചത് സങ്കീർണതകൾ ഒഴിവാക്കാനാണ്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങള്െക്കതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.